കൽപ്പറ്റ: വയനാട് കൊള്ളിമൂലയിൽ ആദിവാസികളുടെ കുടിലുകൾ പൊളിച്ച സംഭവത്തിൽ നടപടി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി കൃഷ്ണനെ സസ്‌പെൻഡ് ചെയ്തു. ആവശ്യമായ ജാഗ്രത പുലർത്താതെയാണ് ആദിവാസി കുടുംബങ്ങളുടെ കുടിലുകൾ പൊളിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വനംമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി റേഞ്ചിലെ ബേഗൂർ വനത്തിനോട് ചേർന്നുള്ള കൊള്ളിമൂല ആദിവാസി സെറ്റിൽമെന്റിലെ മൂന്ന് വീടുകളാണ് വനം വകുപ്പ് പൊളിച്ചത്. പട്ടാപ്പകൽ പോലും കാട്ടാനകൾ വിഹരിക്കുന്ന പ്രദേശത്ത് ഇന്നലെ രാത്രി 7.45നായിരുന്നു സംഭവം. തുടർന്ന് ഗർഭിണികളും കുട്ടികളുമടങ്ങിയ കുടുംബം പുലരുവോളം വനത്തിൽ കഴിഞ്ഞു. മന്ത്രി ഒ.ആർ. കേളുവിന്റെ പഞ്ചായത്തിൽ 16 വർഷമായി കുടിൽകെട്ടി കഴിയുന്നവരെയാണ് പെരുവഴിയിലാക്കിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പില്ലാതെയാണ് കുടിലുകൾ മാറ്റിയത്. തുടർന്ന് ഭക്ഷണ പാത്രങ്ങൾ വലിച്ചെറിഞ്ഞു. ആദിവാസികൾ എതിർത്തെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. സംഭവത്തിൽ പ്രതിഷേധിച്ച് ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ ആദിവാസികളെ അണിനിരത്തി കോൺഗ്രസ് തോൽപ്പെട്ടി റേഞ്ച് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധം കനത്തതോടെ ഡി.എഫ്.ഒയുമായി നടത്തിയ ചർച്ചയിൽ ആദിവാസികളെ വനം വകുപ്പിന്റെ ഡോർമെറ്ററിയിലേക്ക് മാറ്റി. പൊളിച്ച വീടുകൾ വീണ്ടും നിർമ്മിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. ആദിവാസികളെ ബലമായി ഒഴിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |