തിരുവനന്തപുരം: തൃശൂർ നാട്ടികയിൽ തടിലോറി പാഞ്ഞുകയറി രണ്ട് കുട്ടികളടക്കം അഞ്ചുപേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. വാഹനത്തിന്റെ രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും. തികച്ചും ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഗണേശ് കുമാറിന്റെ വാക്കുകൾ:
ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയിൽ തന്നെയാണ്. വാഹനം ഓടിച്ച് തുടങ്ങിയ സമയം മുതൽ രണ്ടുപേരും മദ്യപിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയപ്പോൾ വണ്ടിയോടിച്ച ക്ലീനർക്ക് ലൈസൻസില്ല. ഡ്രൈവർ ജോസിന് 50 വയസാണ്. ക്ലീനർ അലക്‌സിന് 33 വയസാണ്. രണ്ടുപേരും പൊലീസ് കസ്റ്റഡിയിലാണ്. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് വണ്ടിയുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്‌തു. കണ്ണൂർ സ്വദേശിയുടെ പേരിലാണ് വാഹനം. രജിസ്‌ട്രേഷൻ വൈകാതെ റദ്ദാക്കും. ഉടമയ്‌ക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു. ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും. വാഹനത്തിന്റെ പെർമിറ്റും പോകും.
നരഹത്യയാണിത്. അടച്ചുവച്ചിരുന്ന റോഡിലെ ബാരിക്കേഡുകൾ ഉൾപ്പെടെ തകർത്താണ് വാഹനം അവിടേക്ക് കയറ്റിയത്. രണ്ട് പിഞ്ച് കുഞ്ഞുങ്ങളടക്കം അവിടെ കിടന്നുറങ്ങിയവരുടെ പുറത്തുകൂടെയാണ് വാഹനം കയറിപ്പോയത്. രാത്രി കാലങ്ങളിൽ മദ്യപിച്ച് ട്രക്ക് ഡ്രൈവർമാർ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ അടുത്ത ആഴ്‌ച മുതൽ നടപടി ആരംഭിക്കാനിരിക്കുകയായിരുന്നു. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലാണ് ഇത് നടത്താനുദ്ദേശിക്കുന്നത്. കഴിഞ്ഞ ആഴ്‌ച തന്നെ ഇക്കാര്യം തീരുമാനിച്ചതാണ്. ഇന്നത്തെ സംഭവം തികച്ചും ദൗർഭാഗ്യകരമാണ്. സംഭവസ്ഥലത്ത് നിന്നും 600 മീറ്റർ അകലെ തൃപ്രയാർ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ജനങ്ങളാണ് വണ്ടി തടഞ്ഞത്. സ്ഥലംവിട്ട് പോവുക എന്നതായിരുന്നു ഡ്രൈവറുടെയും ക്ലീനറുടെയും ഉദ്ദേശം.
ജനങ്ങൾ പരമാവധി റോഡിൽ കിടന്ന് ഉറങ്ങാതിരിക്കുക. സ്ഥലം എസ്‌ഐ രണ്ട് ദിവസം മുമ്പ് ഇവരോട് മാറാൻ ആവശ്യപ്പെട്ടതാണ്. എങ്കിലും വാഹനമോടിച്ചവർ ചെയ്‌തത് വളരെ വലിയ തെറ്റാണ് അവർക്കെതിരെ കർശന നടപടി തന്നെയെടുക്കും. വാഹനം ഓടിച്ചയാളുടെ പേരിൽ ലൈസൻസ് ഇല്ലായെങ്കിൽ ഏറ്റവും വലിയ വകുപ്പ് ചുമത്തി കേസെടുക്കും. നിയമപരമായി കഴിയുന്നതെല്ലാം ചെയ്യും. പരിക്കേറ്റവർക്ക് സഹായം നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |