മലയാള സിനിമയിലെ വാത്സല്യനിധിയായ അമ്മവേഷങ്ങളിലൂടെ പ്രേക്ഷകളുടെ മനംകവർന്ന നടിയാണ് കവിയൂർ പൊന്നമ്മ. ഇരുപത്തിരണ്ടാം വയസിൽ അമ്മ വേഷം ചെയ്തുതുടങ്ങിയ കവിയൂർ പൊന്നമ്മ പിന്നീട് സത്യൻ മാസ്റ്ററിന്റെയും പ്രേം നസീറിന്റെയും അമ്മയും ഭാര്യയുമായി സിനിമകളിൽ നിറഞ്ഞു നിന്നു. മോഹൻലാലിന്റെയും മമ്മൂട്ടിയുടേയുമൊക്കെ അമ്മയായി നിരവധി സിനിമകളിൽ വേഷമിട്ടു. കവിയൂർ പൊന്നമ്മയെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്ന തന്റെ ഒരു സിനിമയിൽ മാത്രമേ കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുള്ളൂവെന്ന് ആലപ്പി അഷ്റഫ് വ്യക്തമാക്കി. കവിയൂർ പൊന്നമ്മ ഒരുപാട് നന്മകൾ ചെയ്തിട്ടുണ്ടെന്ന് സംവിധായകൻ പറഞ്ഞു.
'പൊന്നമ്മ ചേച്ചിയെ ആദ്യമായി പ്രണയിച്ചത് ജെ സി കുറ്റിക്കാട് എന്ന പ്രശസ്ത സംവിധായകനായിരുന്നു. അവർ തമ്മിലുള്ള പ്രണയും അതിതീവ്രമായിരുന്നു. സിനിമാ മേഖലയിലെ പരസ്യമായ രഹസ്യമായിരുന്നു. ജെ സി കുറ്റിക്കാട് പൊന്നമ്മ ചേച്ചിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. ഒരേയൊരു ഡിമാൻഡ് മാത്രമേ ജെ സിക്കുണ്ടായിരുന്നുള്ളൂ. പൊന്നമ്മ ചേച്ചി ക്രിസ്ത്യാനിയാകണമെന്നതായിരുന്നു അത്. പക്ഷേ പൊന്നമ്മ ചേച്ചി അത് എതിർത്തു. മതം മാറണമെന്ന ആ ഡിമാൻഡ് പൊന്നമ്മ ചേച്ചിക്ക് സ്വീകാര്യമല്ലായിരുന്നു. അതോടെ ആ ബന്ധത്തിന് തിരശ്ശീല വീണു. ജെസിയുടെ ബന്ധുവും എന്റെ സുഹൃത്തുമായ ജെജെ കുറ്റിക്കാടിനോട് ഞാൻ ഈ വിവരം ചോദിച്ചപ്പോൾ അദ്ദേഹം അത് ശരിവയ്ക്കുകയായിരുന്നു.
പിന്നീട് റോസി എന്ന ചിത്രത്തിന്റെ നിർമാതാവായ മണി സ്വാമി പൊന്നമ്മ ചേച്ചിയെ വിവാഹം കഴിച്ചു. അവർക്കൊരു പെൺകുഞ്ഞുപിറന്നെങ്കിലും ആ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല. അദ്ദേഹത്തിന്റെ മദ്യപാന ശീലവും മാനസിക - ശാരീരിക പീഡനവും ചേച്ചിക്ക് അസഹ്യമായിരുന്നു. ഒരു പെൺകുഞ്ഞുണ്ടായത് കാരണം ചേച്ചി പിടിച്ചുനിൽക്കാൻ ശ്രമിച്ചു. പക്ഷേ അവിടെയൊക്കെ അയാൾ ചേച്ചിയെ പരാജയപ്പെടുത്തിക്കളഞ്ഞു. അവർ തമ്മിൽ മാനസികമായി ഒരിക്കലും അടുക്കാൻ പറ്റാത്ത രീതിൽ അകന്നുപോയി.'- അദ്ദേഹം പറഞ്ഞു.
കുറേക്കാലത്തിന് ശേഷം ചേച്ചിക്ക് ഒരു വാർത്ത കിട്ടുന്നു. തന്റെ മകളുടെ അച്ഛൻ മണി സ്വാമി ഗുരുവായൂരിൽ അമ്പലനടയിൽ ഭിക്ഷ തേടുന്നുവെന്ന്. അദ്ദേഹം കടത്തിണ്ണയിലാണ് അന്തിയുറങ്ങുന്നതെന്ന്. ഇതറിഞ്ഞ ചേച്ചിക്ക് സഹിക്കാനായില്ല. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്ന് തന്റെ വീട്ടിൽ താമസിപ്പിച്ച് ശുശ്രൂഷിക്കണമെന്ന് ചേച്ചി ആഗ്രഹിച്ചു. ചേച്ചി എല്ലാ കാര്യങ്ങളോടും അഭിപ്രായം ചോദിക്കാറുള്ള നടി ഉഷയോട് ഈ വിവരം പറയുന്നു. നല്ല കാര്യമായിരിക്കുമെന്ന് ഉഷയും പറഞ്ഞു. ചേച്ചി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്ന് ശുശ്രൂഷിച്ചു. അദ്ദേഹത്തിന്റെ മരണം വരെ സന്തോഷപൂർവം നോക്കി. ചേച്ചിയെ മോശക്കാരിയായി ചിത്രീകരിക്കുന്നവർക്ക് ഈ നന്മകളൊന്നുകണ്ടൂടെ'- ആലപ്പി അഷ്റഫ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |