ഒരു ആഗോള പ്രശ്‌നമാണ് പ്ലാസ്റ്റിക് കാരണമുണ്ടാകുന്ന മലിനീകരണം. പല രാജ്യങ്ങളും ഇതിന് ബദലായി സംവിധാനങ്ങൾ ഒരിക്കിയെങ്കിലും പൂർണമായി ലോകത്തെ പ്ലാസ്റ്റിക് മുക്തമാക്കാൻ സാധിച്ചിട്ടില്ല. ഇവയുടെ ഉപയോഗം കുറയ്‌ക്കുന്നതിലൂടെയും പുനരുപയോഗിക്കുന്നതിലൂടെയും നമുക്ക് പ്ലാസ്റ്റിക്ക് പ്രശ്‌നം പരമാവധി കുറയ്‌ക്കാൻ സാധിക്കും. പ്ലാസ്റ്റിക് വേസ്റ്റ് എന്ത് ചെയ്യണം എന്ന കാര്യത്തിൽ ജപ്പാൻകാരിയായ ഒരു വ്യക്തി എടുത്ത തീരുമാനമാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചയാകുന്നത്.
ജാപ്പനീസ് മാനിക്യൂറിസ്റ്റ് ആയ നവോമി അരിമോട്ടോ ആണ് ലോകശ്രദ്ധ നേടിയ ആ വ്യക്തി. അവരുടെ സലൂണിൽ എത്തുന്നവർക്ക് പ്ലാസ്റ്റിക് മാലിന്യം റീസൈക്കിൾ ചെയ്‌തെടുത്ത വസ്‌തുക്കൾ ഉപയോഗിച്ചാണ് നഖങ്ങൾ വച്ചുപിടിപ്പിക്കുന്നത്. 'സമുദ്രത്തിൽ എത്രമാത്രം പ്ലാസ്റ്റിക് മാലിന്യം ഉണ്ടെന്ന് എന്റെ സ്വന്തം കണ്ണുകൊണ്ട് കണ്ട നിമിഷമാണ് പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ച് തുടങ്ങിയത് ', 42 കാരിയായ അരിമോട്ടോ പറഞ്ഞു.
എല്ലാ മാസവും അരിമോട്ടോ കടൽത്തീരത്ത് പോയി മണലിൽ കിടക്കുന്ന വേസ്റ്റുകളിൽ നിന്ന് നെയിൽ ആർട്ട് ചെയ്യാൻ കഴിയുന്ന പ്ലാസ്റ്റിക്കുകൾ കണ്ടെത്തും. ഇവ നന്നായി വൃത്തിയാക്കിയ ശേഷം രൂപമാറ്റം വരുത്തി കൃത്രിമ നഖമായി ഉപയോഗിക്കുന്നു. ക്ലീനർമാർക്ക് പോലും കാണാൻ കഴിയാതെ മണൽത്തരികളിൽ കിടക്കുന്ന മൈക്രോ പ്ലാസ്റ്റിക്കുകൾ വരെ ഒരു പ്രത്യേക യന്ത്രം ഉപയോഗിച്ച് അരിമോട്ടോ കണ്ടെത്തും. 2021 മുതൽ അവർ ഇത്തരത്തിൽ കടൽത്തീരത്ത് നിന്ന് പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്നുണ്ട്.
പ്ലാസ്റ്റിക്കിൽ നിന്നും മനോഹരമായ നഖങ്ങൾ
ചവറ്റുകുട്ടയിൽ നിന്ന് ലഭിക്കുന്ന വസ്‌തുക്കളെയെല്ലാം നിധിയാക്കി മാറ്റാനുള്ള കഴിവ് അരിമോട്ടോയ്‌ക്കുണ്ട്. കടൽത്തീരത്ത് നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് വസുക്കളെ അവർ ആദ്യം ശുദ്ധജലത്തിൽ കഴുകും. ശേഷം നിറമനുസരിച്ച് തരംതിരിക്കും. പിന്നീട് ഇവ ഉപയോഗിച്ച് വർണാഭമായ നഖങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഒരു സെറ്റ് നഖത്തിന്റെ വില 12,760 യെൻ ( 6984 രൂപ ) മുതലാണ്.
തന്റെ നെയിൽ ആർട്ട് മഹാസമുദ്രത്തിന്റെ ഒരു ഭാഗത്ത് നിന്നാണ് ഉണ്ടായിരിക്കുന്നതെന്നാണ് അരിമോട്ടോ പറയുന്നത്. പ്ലാസ്റ്റിക് എന്ന പ്രശ്‌നം ഒരാൾ ശ്രമിച്ചാൽ അവസാനിക്കുന്നതല്ല, മറിച്ച് എല്ലാവരും ചേർന്ന് ആ വിപത്തിനെതിരെ പോരാടണമെന്നും അവർ പറഞ്ഞു. താൻ ചെയ്‌ത നെയിൽ ആർട്ട് കാണുന്നവർ മനോഹരമായ കാഴ്‌ചയ്‌ക്ക് പിന്നിൽ ഒരു വലിയ പാരിസ്ഥിതിക പ്രശ്‌നമുണ്ട് എന്നതിനെക്കുറിച്ച് ബോധവാന്മാരാകണം എന്നും അരിമോട്ടോ പറഞ്ഞു.
ഉപയോക്താക്കൾക്ക് പറയാനുള്ളത്
ടോക്കിയോയിലെ നിരവധി ജനങ്ങൾ അരിമോട്ടോയുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉപയോഗിച്ചാണ് നഖം ഉണ്ടാക്കിയിരിക്കുന്നത് എന്നറിയുമ്പോൾ പലരും അതിശയിച്ചുപോകും. 'പല തരത്തിലുള്ള മാലിന്യങ്ങൾ ആണ് ഉപയോഗിക്കുന്നത് എന്നറിയാം. പക്ഷ, അവയെല്ലാം ഇത്രയും ഭംഗിയിൽ എങ്ങനെ ഉണ്ടാക്കാൻ സാധിക്കുന്നു? വളരെ അതിശയം തോന്നുന്നു. ഒപ്പം അരിമോട്ടോയോട് ബഹുമാനവും', സലൂണിലെത്തിയ ഉപഭോക്താവ് ക്യോക്കോ കുറോകാവ പറഞ്ഞു.
പ്ലാസ്റ്റിക് എന്ന ആഗോള പ്രശ്‌നം
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചറിന്റെ കണക്കനുസരിച്ച്, ഓരോ വർഷവും ഏകദേശം 20 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ് വലിച്ചെറിയപ്പെടുന്നത്. ദക്ഷിണ കൊറിയയിലെ ബുസാനിൽ നവംബർ 25ന് ആരംഭിച്ച ഐക്യരാഷ്‌ട്ര ഉച്ചകോടിയിൽ പ്ലാസ്റ്റിക് ഉൽപ്പാദന പരിധി നിശ്ചയിക്കുന്നതിനെപ്പറ്റി ഒരു സുപ്രധാന ഉടമ്പടി രൂപപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നു.
അടുത്തിടെ, പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ആഗോള ഉടമ്പടിക്ക് അമേരിക്ക പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് നിർമാതാക്കളിൽ ഒന്നാണ് അമേരിക്ക എന്നതും ശ്രദ്ധേയമാണ്. സമുദ്രത്തിൽ ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം കാണപ്പെടുന്ന രാജ്യമാണ് ഫിലിപ്പീൻസ് എന്ന് റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |