ലോസെയ്ൻ : ഇന്ത്യ വേദിയാകാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്ന 2036 ഒളിമ്പിക്സിന് വേദിയാകാൻ തങ്ങളും ഉണ്ടെന്നറിയിച്ച് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ലൊസെയ്നിലെ ഇന്റർ നാഷണൽ ഒളിമ്പിക് കമ്മറ്റിയുടെ ആസ്ഥാനത്തെത്തി നടത്തിയ ചർച്ചയിലാണ് താത്പര്യം അറിയിച്ചത്. ഇക്കാര്യം ഐ.ഒ.സി പ്രസിഡന്റ് തോമസ് ബക്ക് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
ആഫ്രിക്കൻ വൻകരയ്ക്ക് ഒന്നാകെ വേദിയാകാൻ അവസരം ഒരുങ്ങുന്ന രീതിയിലാണ് ദക്ഷിണാഫ്രിക്ക പദ്ധതിയിടുന്നതെന്നും അത് സ്വാഗതാർഹമെന്നും ബക്ക് പറഞ്ഞു. സാധാരണ ഗതിയിൽ ഒളിമ്പിക്സ് വേദിയാകാനുള്ള താത്പര്യങ്ങൾ അറിയിക്കുമ്പോൾ അതിനെ ഐ.ഒ.സി പ്രശംസിക്കാറില്ല.എന്നാൽ ആഫ്രിക്കൻ വൻകരയിൽ നിന്ന് ആദ്യമായി വേദിയൊരുക്കാനുള്ള ശ്രമമായതിനാലാണ് ഐ.ഒ.സി ഇക്കാര്യത്തിൽ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്നറിയുന്നു.
മത്സരം കടുക്കും
കഴിഞ്ഞ മാസം ഒടുവിലാണ് ഇന്ത്യ 2036 ഒളിമ്പിക്സിന് അഹമ്മദാബാദിൽ വേദിയൊരുക്കാമെന്ന് അറിയിച്ച് ഐ.ഒ.സിക്ക് കത്തുനൽകിയത്.
ഇതുവരെ പത്തിലധികം രാജ്യങ്ങൾ ഒളിമ്പിക്സ് നടത്താനുള്ള താത്പര്യം അറിയിച്ചിട്ടുണ്ട്. മെക്സിക്കോ,ഇന്തോനേഷ്യ, തുർക്കി, പോളണ്ട്,ഈജിപ്ത്,ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് ശ്രമം നടത്തുന്നത്.
ആഫ്രിക്കൻ വൻകരയിൽ ആദ്യമായി ഒരു ഒളിമ്പിക്സ് നടത്താനാണ് ഐ.ഒ.സിയും താത്പര്യപ്പെടുന്നതെങ്കിൽ മറ്റ് രാജ്യങ്ങൾക്ക് നിരാശപ്പെടേണ്ടിവരും.
2029ലെ ഐ.ഒ.സി സെഷനിലെ വോട്ടെടുപ്പിലൂടെയാണ് വേദി നിശ്ചയിക്കപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |