ഹൈദരാബാദ്: ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥതകൾ അനുഭവപ്പെട്ട 22 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ഛർദ്ദി, തലകറക്കം, വയറുവേദന, വിറയൽ തുടങ്ങിയ ലക്ഷണങ്ങളാണ് കുട്ടികൾക്കുണ്ടായിരുന്നത്.
സ്‌കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് കരുതുന്നത്. വിദ്യാർത്ഥികൾ സമീപത്തെ ബേക്കറിയിൽ നിന്നും കടകളിൽ നിന്നുമായി ലഘുഭക്ഷണം കഴിച്ചിരുന്നതായും വിവരമുണ്ട്. ലബോറട്ടറി പരിശോധനയ്‌ക്കായി സാമ്പിളുകൾ ശേഖരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) അറിയിച്ചു.
മഗനൂരിലെ ജില്ലാ പരിഷത്ത് വിദ്യാർത്ഥികളും സ്‌കൂൾ ഹെഡ്‌മാസ്റ്ററും അദ്ധ്യാപകരും ഉച്ചഭക്ഷണം കഴിച്ചിരുന്നു. എന്നാൽ, 22 വിദ്യാർത്ഥികൾക്ക് തലവേദന, വയറുവേദന, ഛർദി എന്നിവ അനുഭവപ്പെട്ടു. ഉരുളക്കിഴഞ്ഞും വഴുതനയും വേണ്ടത്ര പാകം ചെയ്യാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഒരു വിദ്യാർത്ഥി ആരോപിച്ചു.
സ്‌കൂളിന് പുറത്ത് നിന്നും ഭക്ഷണം കഴിച്ചെങ്കിലും ഉച്ചഭക്ഷണത്തിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നും വിദ്യാർത്ഥികൾ പറയുന്നു. ഈ മാസം 20ന് ഇതേ സ്‌കൂളിലെ 17 വിദ്യാർത്ഥികളെ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യം മോശമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ രക്ഷകർത്താക്കൾ ആശങ്ക അറിയിച്ചിട്ടും സ്‌കൂൾ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന പരാതി ഉയരുന്നുണ്ട്. സർക്കാർ സ്‌കൂളുകളിൽ ഭക്ഷ്യവിഷബാധയേറ്റ് കുട്ടികൾ മരിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ട് പോലും നടപടി സ്വീകരിക്കാത്തത് ശരിയല്ലെന്നാണ് രക്ഷകർത്താക്കൾ പറയുന്നത്.
സംഭവത്തിൽ നാരായൺപേട്ട് ജില്ലാ കളക്ടർ സിക്ത പട്‌നായിക് പത്രക്കുറിപ്പ് പുറത്തിറക്കി. 'സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിനാലാണ് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞയാഴ്‌ച ജില്ലയിലെ എല്ലാ ഹോസ്റ്റലുകളിലും മറ്റ് സ്ഥാപനങ്ങളിലും പരിശോധന നടത്തി പഴയ വസ്‌തുക്കൾ നീക്കം ചെയ്‌തിരുന്നു. വേണ്ട നടപടി സ്വീകരിക്കും', എന്നാണ് കളക്‌ടർ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |