തിരുവനന്തപുരം: പതിനെട്ടാംപടിയിൽ പുറംതിരിഞ്ഞുനിന്നുകൊണ്ട് പൊലീസുകാർ നടത്തിയ ഫോട്ടോഷൂട്ടിൽ അതൃപ്തി വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൊലീസുകാരുടെ പ്രവൃത്തിയിലുള്ള അതൃപ്തി ദേവസ്വം ബോർഡ് ശബരിമല ചീഫ് പൊലീസ് കോഡിനേറ്റർ എഡിജിപി എസ് ശ്രീജിത്തിനെ അറിയിച്ചു. മികച്ച സേവനം നടത്തിയ ശേഷം പടിക്കൽ കലം ഉടയ്ക്കുന്ന പ്രവൃത്തിയായി പോയെന്ന് ബോർഡ് വിലയിരുത്തി. ശബരിമലയിൽ ഏറെ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന പൊലീസുകാരെ ആകെ ബാധിക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്നും ബോർഡ് വ്യക്തമാക്കി.
സംഭവത്തിൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത എസ്എപി ക്യാമ്പിലെ 23 പൊലീസുകാർക്ക് കണ്ണൂർ 'കെഎപി 4 'ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിർദേശം നൽകിയിട്ടുണ്ട്. തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ കർശന നിർദേശം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നാളെ റിപ്പോർട്ട് നൽകും.പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞുനിന്ന് എടുത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വൻ വിവാദമായത്. തുടർന്ന് പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഒരു മണിക്ക് നടയടച്ചശേഷം പതിനെട്ടാംപടിയുടെ താഴെ മുതൽ മുകളിൽവരെ വരിവരിയായി നിന്നാണ് മുപ്പതോളം പൊലീസുകാർ ഫോട്ടോയെടുത്തത്. തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പൊലീസ് ബാച്ചിൽപെട്ടവരാണ് ഇവർ. പതിനെട്ടാംപടി ഡ്യൂട്ടിക്കാണ് ഇവരെ നിയോഗിച്ചിരുന്നത്. മേൽശാന്തിയും തന്ത്രിയുമടക്കമുള്ള ആചാര്യന്മാർ പോലും പൂജകൾക്കടക്കം പുറംതിരിഞ്ഞ് ഇറങ്ങാറില്ല.
ഇരുമുടിക്കെട്ടില്ലാതെ ആരേയും പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കില്ല. ശ്രീകോവിൽപോലെ ഭക്തർ പവിത്രമായി കരുതുന്ന ഇടമാണ് പതിനെട്ടാംപടി. പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാനുള്ള അവകാശം. തീർത്ഥാടകരെ പടികയറാൻ പടിയുടെ അരികിൽ നിന്നാണ് പൊലീസുകാർ സഹായിക്കുന്നത്. സന്നിധാനത്ത് ഫോട്ടോയെടുക്കുന്നതിന് നിരോധനമുണ്ട്. ഇത് അവഗണിച്ച് ചില തീർത്ഥാടകർ മൊബൈലിൽ ഫോട്ടോയെടുക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |