#വന്യജീവി ശല്യം രൂക്ഷമാക്കുമെന്ന് മന്ത്രിമാർ
തിരുവനന്തപുരം: കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് ഒരു ദിവസം കൊണ്ട് ഹെലികോപ്ടറിൽ കേരളം മുഴുവൻ കാണാൻ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലി ടൂറിസം പദ്ധതി മന്ത്രിസഭായോഗം അംഗീകരിച്ചില്ല. പദ്ധതിയുടെ കരടുനയം ഇന്നലെ മന്ത്രിസഭ പരിഗണിച്ചപ്പോൾ, മലയോര മേഖലകളിലും അണക്കെട്ട് പ്രദേശങ്ങളിലും ഹെലികോപ്ടർ ഇറങ്ങിയാൽ വന്യജീവികൾ കൂടുതലായി നാട്ടിലിറങ്ങി മനുഷ്യ- വന്യജീവി സംഘർഷം സങ്കീർണമാവുമെന്ന് മന്ത്രിമാർ പറഞ്ഞു. അതോടെ, കൂടുതൽ പഠനത്തിനു ശേഷം പദ്ധതി പരിഗണിക്കാമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.
വിനോദസഞ്ചാരികൾക്ക് സമയനഷ്ടം കൂടാതെ കേരളത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണാൻ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഹെലി ടൂറിസം പദ്ധതി നടപ്പാക്കാനായിരുന്നു സർക്കാർ ശ്രമം. വിനോദ സഞ്ചാരികളുമായി പോകുന്ന ഹെലികോപ്ടറുകൾ താഴ്ന്നു പറക്കുന്നത് ജൈവവൈവിദ്ധ്യ സമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന് സി.പി.ഐ
മന്ത്രിമാർ വാദിച്ചു. അടുത്തിടെ തുടങ്ങിയ സീ-പ്ലെയിൻ പദ്ധതിയെയും വനംവകുപ്പും ഇടത് എം.എൽ.എമാരുമടക്കം എതിർക്കുകയാണ്. അണക്കെട്ടുകൾക്കരികിൽ ഹെലിപ്പാഡുകൾ നിർമ്മിക്കുമ്പോൾ, അവിടെ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾക്കടക്കം ഹെലികോപ്റ്ററിന്റെ ശബ്ദം പ്രശ്നം സൃഷ്ടിക്കുമെന്നാണ് വനംവകുപ്പിന്റെ നിലപാട്.
ഹെലിടൂറിസം
ജലാശയങ്ങളും കടൽത്തീരങ്ങളും കുന്നിൽ പ്രദേശങ്ങളും ഉൾപ്പെട്ട കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം ഒരു ദിവസം കൊണ്ട് ആസ്വദിക്കുക ലക്ഷ്യം.
ടൂറിസം കേന്ദ്രങ്ങളിലെല്ലാം ഹെലിപാഡുകൾ നിർമ്മിക്കേണ്ടി വരും. സ്വകാര്യ ഹെലികോപ്ടറുകൾ വാടകയ്ക്കെടുത്താണ് പദ്ധതി.
തീരദേശത്തും മലയോര മേഖലയിലും ഒരേസമയം ടൂറിസം പദ്ധതികൾ നടപ്പാക്കാനാവും. 6മുതൽ 12സഞ്ചാരികൾക്ക് കയറാവുന്ന കോപ്ടറുകളുപയോഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |