കൊച്ചി: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ നിയമനം വീണ്ടും വിവാദത്തിലേക്ക്. ഹൈക്കോടതി വിധി തനിക്ക് അനുകൂലമാണെന്നും വിസി നിയമനത്തിൽ തനിക്ക് പൂർണ അധികാരമുണ്ടെന്നാണ് ഹൈക്കോടതി വിധിയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കോടതിവിധി പൂർണമായും പഠിച്ചതിന് ശേഷം ചോദ്യം ചോദിക്കാൻ വരൂ എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്:
'ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായങ്ങൾക്ക് മറുപടി പറയാൻ ഞാനില്ല. വിദ്യാഭ്യാസ മന്ത്രിക്ക് പറയാനുള്ളതെല്ലാം പറയാനും അഭിപ്രായ പ്രകടനം നടത്താനുമുള്ള എല്ലാ അവകാശവും ഉണ്ട്. ജനാധിപത്യത്തിൽ അഭിപ്രായ പ്രകടനത്തിനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ വിഷയത്തിൽ തീരുമാനമറിഞ്ഞതിന് ശേഷം യൂണിവേഴ്‌സിറ്റിയുടെ തലവൻ എന്ന നിലയിൽ എന്നിൽ നിക്ഷിപ്‌തമായ അധികാരം യുജിസി റെഗുലേഷൻ ആക്‌ട് പ്രകാരം വിനിയോഗിക്കുകയാണ് ഞാൻ ചെയ്‌തത്.
യൂണിവേഴ്‌സിറ്റികളിലുള്ളവർക്ക് വൈസ് ചാൻസലർ ഒപ്പുവയ്‌ക്കേണ്ടതായ സർട്ടിഫിക്കറ്റുകൾ മതിയായ സമയത്ത് ലഭിക്കുന്നില്ലായിരുന്നു. ഹൈക്കോടതിയുടെ വിധി വന്നത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ ഒരു മാസമായി മറ്റാരെയും ഞാൻ പകരം നിയമിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു? കാരണം ഹൈക്കോടതിയിൽ നിന്നുള്ള വ്യക്തത ഇക്കാര്യത്തിൽ അനിവാര്യമായിരുന്നു. ചാൻസലർക്കാണ് അധികാരം എന്നായിരുന്നു ഹൈക്കോടതി വിധി. സംസ്ഥാനത്തിന് യൂണിവേഴ്‌സിറ്റി കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരമില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മാദ്ധ്യമങ്ങൾ കോടതി വിധി വായിച്ച് ഉൾക്കൊള്ളുന്നതിന് പകരം സെൻസേഷനുകൾ സൃഷ്‌ടിക്കുകയാണ്.'
കൊച്ചി സാങ്കേതിക സർവകലാശാലയുടെ വിസി ആയി ഡോ. സിസ തോമസിനെ നിയമിച്ചുകൊണ്ട് ഗവർണർ നേരത്തേ ഉത്തരവിറക്കിയിരുന്നു. ഗവർണറുടെ ഈ നടപടിക്കെതിരെ സർക്കാർ കോടതിയെ സമീപിച്ചിരുന്നു. നിയമപ്രകാരമാണ് താൻ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഇപ്പോൾ കോടതിക്ക് ബോദ്ധ്യമായെന്നും ഗവർണർ പറഞ്ഞു. അതേസമയം, ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായിട്ടാണ് വിസി നിയമനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |