തിരുവനന്തപുരം: ഭാവിയിലെ ഉത്പന്ന വികസനകേന്ദ്രം എന്നനിലയിൽ വലിയ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ കോവളത്ത് ആരംഭിച്ച ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്സ്പോയുടെ ആറാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം ടെക്നോസിറ്റിയിൽ 350 കോടി ചെലവിൽ ആരംഭിക്കുന്ന എമർജിംഗ് ടെക്നോളജി ഹബ് (ഇ.ടി.എച്ച്) ഭാവി ഉത്പന്ന വികസന കേന്ദ്രമായാണ് വിഭാവനം ചെയ്യുന്നത്. ഭക്ഷ്യകൃഷി, ബഹിരാകാശ സാങ്കേതികവിദ്യ, പുനരുപയോഗ ഊർജ്ജം, ഡിജിറ്റൽ മീഡിയവിനോദം, ഹെൽത്ത്‌കെയർ ലൈഫ് സയൻസസ് എന്നീ 5 പ്രത്യേക മേഖലകളിലെ വളർച്ചയ്ക്ക് ഊന്നൽ നൽകുകയാണ് ലക്ഷ്യം.
ലോകമെമ്പാടുമുള്ള സ്വകാര്യ നിക്ഷേപകരും സംരംഭകരും ഈ കമ്പനിയിൽ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോൾ 6100 സ്റ്റാർട്ടപ്പുകളുണ്ട്. അതിലൂടെ 62,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 5,800 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഡെസോ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി, എ.ആർ.എ.ഐ, ഇ ടു ഇ നെറ്റ്‌വർക്സ്, എച്ച്.ഡി.എഫ്.സി ബാങ്ക്, സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി (യു.എസ്.എ), എൽ.ഒ.ഐ ബ്രിട്ടീഷ് കൗൺസിൽ എന്നിവയുമായി സ്റ്റാർട്ടപ്പ് മിഷൻ പുതുതായി തയ്യാറാക്കിയ ധാരണാപത്രങ്ങളും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കൈമാറി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.
ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സെക്രട്ടറി ഡോ. രത്തൻ.യു.ഖേൽക്കർ, സ്റ്റാർട്ടപ്പ് ഇന്ത്യ ഡയറക്ടർ ഡോ.സുമീത് കുമാർ ജറങ്കൽ, ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി.ഷിബുലാൽ, നബാർഡ് ചെയർമാൻ കെ.വി.ഷാജി, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ എ.ഭുവനേശ്വരി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |