ന്യൂഡൽഹി: പാകിസ്ഥാനെയും ചൈനയെയും കടലിൽനിന്ന് പ്രഹരപരിധിയിലാക്കിയുള്ള ആണവ അന്തർവാഹിനി ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇതോടെ കടലിലും ഇന്ത്യയുടെ ആണവപ്രഹര ശേഷി ലോകശക്തികൾക്കൊപ്പമായി, ഐ.എൻ.എസ് അരിഘാത് ആണവ അന്തർവാഹിനിയിൽ നിന്ന് കെ - 4 ആണവ ബാലിസ്റ്റിക് മിസൈലാണ് പരീക്ഷണവിജയം നേടിയത്. ബംഗാൾ ഉൾക്കടലിൽ പ്രഹരപരിധിയായ 3,500 കിലോമീറ്ററും താണ്ടി ലക്ഷ്യം ഭേദിച്ചു. പാകിസ്ഥാൻ പൂർണമായും, ചൈനയുടെ മിക്ക ഭാഗങ്ങളും കെ - 4 മിസൈലിന്റെ പ്രഹരപരിധിയിൽ വരും.
കരയിലും കടലിലും ആകാശത്തും നിന്ന് ആണവായുധം പ്രയോഗിക്കാൻ ശേഷിയുള്ള അപൂർവം രാജ്യങ്ങളുടെ നിരയിൽ ഇതോടെ ഇന്ത്യയും സ്ഥാനമുറപ്പിച്ചു. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് മറ്റ് രാജ്യങ്ങൾ. ഇസ്രയേലിനും ഈ ശേഷി ഉണ്ടെന്ന് റിപ്പോർട്ടുണ്ട്. 5000 കിലോമീറ്റർ പ്രഹര പരിധിയുള്ള കെ - 5 ആണവ ബാലിസ്റ്റിക് മിസൈലിന്റെ പണിപ്പുരയിലാണ് ഇന്ത്യ.
നാവികസേനയുടെ കരുത്ത് കൂട്ടി ആഗസ്റ്റ് 29നാണ് ഐ.എൻ.എസ് അരിഘാത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശാഖപട്ടണത്ത് കമ്മിഷൻ ചെയ‌്‌തത്. അരിഘാതിൽ വിന്യസിക്കുന്ന 3000 കിലോമീറ്റർ പ്രഹരപരിധിയുള്ള കെ - 4 ആണവ ബാലിസ്റ്റിക് മിസൈൽ ചൈനീസ് ഭീഷണിക്കുള്ള മറുപടിയാണ്.
മിസൈൽ വികസിപ്പിച്ച ഡി.ആർ.ഡി.ഒ 2010-2020 കാലത്ത് കടലിനടിയിൽ നിന്ന് ആറ് പരീക്ഷണ വിക്ഷേപണങ്ങൾ നടത്തിയിരുന്നു. അന്തർവാഹിനിയിൽ നിന്നുള്ളള്ള ആദ്യ പരീക്ഷണമാണ് ഇപ്പോൾ നടന്നത്. ഇന്ത്യയുടെ ആദ്യ ആണവ അന്തർവാഹിനി ഐ.എൻ.എസ് അരിഹന്തിലെ 750 കിലോമീറ്റർ പരിധിയുള്ള കെ-15 മിസൈലിന്റെ പരിഷ്‌കൃത രൂപമാണിത്. കെ 15 മിസൈൽ പരിധിയിൽ പാകിസ്ഥാന്റെ ചില ഭാഗങ്ങൾ മാത്രമാണ് വരുന്നത്.
കെ-4 ബാലിസ്റ്റിക് മിസൈൽ
3,500 കിലോമീറ്റർ സഞ്ചരിച്ച് ലക്ഷ്യം ഭേദിക്കും
12 മീറ്റർ ഉയരം, 1.3 മീറ്റർ വണ്ണം, രണ്ട് ടൺ ആയുധം
മിസൈൽ വിക്ഷേപിക്കാൻ 4 ലോഞ്ച് ട്യൂബുകൾ
12 കെ-15 മിസൈലുകളും 4 കെ-4മിസൈലും ഘടിപ്പിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |