ന്യൂഡൽഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ്ണ മയൂരം ലിത്വാനിയൻ ചിത്രം 'ടോക്സിക്' നേടി. ചിത്രത്തിലെ അഭിനയത്തിന് വെസ്റ്റ മാറ്റുലൈറ്റും ഈവ റുപൈകൈറ്റേയും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. സംവിധായകൻ സൗലെ ബ്ലിയുവൈറ്റേക്കും നിർമ്മാതാവായ ഗീഡ്രെ ബുറോകൈറ്റും സുവർണ മയൂരവും ട്രോഫിയും 40,00,000 രൂപ ക്യാഷ് അവാർഡും സ്വീകരിച്ചു.
ഹോളി കൗ എന്ന ഫ്രഞ്ച് ചിത്രത്തിലെ അഭിനയത്തിന് ക്ലെമന്റ് ഫാവ്റോ മികച്ച നടനായി. ദ ന്യൂ ഇയർ ദാറ്റ് നെവർ കെയിം എന്ന റൊമാനിയൻ ചിത്രത്തിന്റെ സംവിധായകൻ ബോഗ്ദാൻ മുറേസാനുവാണ് മികച്ച സംവിധായകൻ.ഹോളി കൗ സംവിധാനം ചെയ്‌ത ലൂയിസ് കോർവോസിയർക്ക് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.
പ്രശസ്‌ത ആസ്‌ട്രേലിയൻ ചലച്ചിത്ര നിർമ്മാതാവ് ഫിലിപ്പ് നോയ്‌സിനെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് നൽകി ആദരിച്ചു. മെഡലും ഒരു ലക്ഷം രൂപയുമാണ് അവാർഡ്
മറാഠി ചിത്രമായ 'ഘരത് ഗണപതി'യുടെ സംവിധായകൻ നവജ്യോത് ബന്ദിവാഡേക്കർ നവാഗത സംവിധായകനുള്ള അവാർഡ് നേടി.
അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് അവാർഡ്. സന്തോഷ് ശിവൻ അദ്ധ്യക്ഷനായ ജൂറിയാണ് നവാഗത സംവിധായകനെ കണ്ടെത്തിയത്.
സ്വീഡിഷ് ചിത്രമായ ക്രോസിംഗ് ഐ.സി.എഫ്.ടി-യുനെസ്‌കോ ഗാന്ധി മെഡൽ നേടി.
ആദ്യമായി ഏർപ്പെടുത്തിയ ഒ.ടി.ടി വെബ്‌സീരീസിനുള്ള അവാർഡ് സ്വപ്നജീവിയായ കുട്ടിയുടെ കഥ പറയുന്ന മറാത്തി വെബ് സീരീസ് 'ലമ്പൻ'നേടി. പത്ത് ലക്ഷം രൂപയാണ് അവാർഡ് തുക.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |