ന്യൂയോർക്ക് : നിധി വേട്ടക്കാർക്ക് സന്തോഷ വാർത്തയുമായി അമേരിക്കൻ കോടീശ്വരൻ ജോൺ കോളിൻസ് ബ്ലാക്ക് രംഗത്ത്. ബിറ്റ്കോയിൻ നിക്ഷേപകനായ ജോൺ 20 ലക്ഷം ഡോളർ വിലമതിക്കുന്ന അമൂല്യ വസ്തുക്കൾ യു.എസിലെ അഞ്ച് രഹസ്യ പ്രദേശങ്ങളിൽ ഒളിപ്പിച്ചിട്ടുണ്ടത്രെ. സ്വർണ നാണയങ്ങൾ മുതൽ അപൂർവ്വ പോക്കിമോൻ കാർഡുകൾ വരെ നിധിപ്പെട്ടിയിലുണ്ട്.
ഓരോ പെട്ടിയിലും സാഹസികർക്കായി നിഗൂഢ സൂചനകളും ഒളിപ്പിച്ചിട്ടുണ്ട്. 'ദെയർ ഈസ് ട്രഷർ ഇൻസൈഡ്" എന്ന പേരിൽ ഒരു പുസ്തകവും 43കാരനായ ജോൺ പുറത്തിറക്കി. അഞ്ച് നിധിപ്പെട്ടികളും കണ്ടെത്താനുള്ള സൂചനകൾ, മാപ്പ്, പ്രശ്നോത്തരികൾ തുടങ്ങിയവ ഈ പുസ്തകത്തിലുണ്ട്. ഡയമണ്ടും ഇന്ദ്രനീലവും പതിച്ച ബ്രൂച് മുതൽ ചന്ദ്രനിലെ ചെറിയ പാറക്കഷണം വരെ നിധിപ്പെട്ടിയിലുണ്ട്. !
1,00,000 ഡോളർ വിലമതിക്കുന്ന ബിറ്റ്കോയിനും നിധിപ്പെട്ടിയിലൂടെ ലഭിക്കും. നിധിപ്പെട്ടികളൊന്നും തന്നെ അപകട മേഖലയിലല്ലെന്ന് ജോൺ ഉറപ്പു നൽകുന്നു. റോഡിൽ നിന്ന് 4.8 കിലോമീറ്റർ പരിധിയിലുള്ള തുറസ്സായ ഇടത്താണ് അവ. നിധി കുഴിച്ചിട്ടിട്ടില്ലെന്നും ജോൺ വ്യക്തമാക്കുന്നു. മറ്റൊരു കാര്യം നിധിപ്പെട്ടികൾ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലല്ല ഉള്ളത്. അതിനാൽ ആർക്കും അവ തേടുന്നതിന് തടസമില്ല.
സാഹസികത ഇഷ്ടപ്പെടുന്നതിനാലാണ് ഇത്തരം ഒരു നിധിവേട്ടയ്ക്ക് രൂപം നൽകിയതെന്ന് ജോൺ പറയുന്നു. കൊവിഡ് ലോക്‌ഡൗൺ സമയത്താണ് ഇങ്ങനെയൊരു ആശയം ജോണിന് തോന്നിയത്. അതേ സമയം, യു.എസിൽ ഇത്തരത്തിൽ നിധിപ്പെട്ടികൾ ഒളിപ്പിച്ച കോടീശ്വരൻമാർ വേറെയുമുണ്ട്.
ഫോറസ്റ്റ് ഫെന്നിന്റെ നിധി
മുൻ വിയറ്റ്നാം ഫൈറ്റർ പൈലറ്റും ആർക്കിയോളജിസ്‌റ്റും ബിസിനസുകാരനുമായിരുന്നു ഫോറസ്റ്റ് ഫെൻ. ക്യാൻസർ ബാധിതനാണെന്ന് തിരിച്ചറിഞ്ഞതോടെ 20 ലക്ഷം ഡോളർ വിലമതിക്കുന്ന രത്നങ്ങളും സ്വർണവും നിറച്ച പേടകം റോക്കി പർവത നിരയിൽ ഫെൻ ഒളിപ്പിച്ചത്രെ. ആരാണോ കണ്ടെത്തുന്നത് അവർക്ക് ഈ നിധി സ്വന്തമാകുമെന്ന് ഫെൻ 2010ൽ പ്രഖ്യാപിച്ചു.
'ദ ത്രിൽ ഒഫ് ദ ചേയ്സ് ' എന്ന പുസ്‌തകത്തിലൂടെ നിധി ഒളിപ്പിച്ചിരിക്കുന്നത് എവിടെയെന്നത് സംബന്ധിച്ച ചില സൂചനകൾ ഫെൻ കവിതാ രൂപത്തിൽ പുറത്തുവിട്ടു. നിരവധി പേർ നിധി തേടി അലഞ്ഞെങ്കിലും ഫലമുണ്ടായില്ല. അഞ്ചോളം പേർ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടു. ഫെന്നിന്റെ നിധി വെറും തട്ടിപ്പാണെന്ന് ചിലർ ആരോപിച്ചു.
എന്നാൽ, 2020 ജൂണിൽ ഒരാൾ നിധി കണ്ടെത്തിയെന്ന് ഫെൻ വെളിപ്പെടുത്തി. അതേസമയം, നിധി കണ്ടെത്തിയത് ആരാണെന്ന് തനിക്കറിയില്ലെന്നും നിധി ശേഖരം കണ്ടെത്തി അതിന്റെ ചിത്രം തനിക്ക് അയാൾ അയക്കുക മാത്രമാണ് ചെയ്തതെന്നും പേര് വെളിപ്പെടുത്തിയില്ലെന്നുമാണ് ഫെൻ പറഞ്ഞത്.
നിധി റോക്കി മലനിരകളിൽ എവിടെയായിരുന്നു ഒളിപ്പിച്ചിരുന്നതെന്നും ഫെൻ പറഞ്ഞില്ല. 2020 സെപ്റ്റംബറിൽ ന്യൂമെക്സിക്കോയിലെ സാന്റാ ഫേയിലുള്ള വസതിയിൽ 90 -ാം വയസിൽ ഫെൻ അന്തരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |