കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. മുമ്പ് നൽകിയ മൊഴി തന്നെ കളക്ടർ ആവർത്തിച്ചു.തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞെന്ന് കളക്ടർ മൊഴി നൽകിയിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘമെത്തിയത്.
ദിവ്യയെ രക്ഷിക്കാൻ കളക്ടർ കൂട്ടുനിൽക്കുകയാണെന്ന് കുടുംബം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. "കളക്ടർ - എഡിഎം ബന്ധം സൗഹൃദപരമായിരുന്നില്ല. അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചു. ഈ വിവരങ്ങൾ നവീൻ കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു.സംസ്‌കാര ചടങ്ങിൽ കണ്ണൂർ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും ഇത് തന്നെയാണ്."- എന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.
ഹൈക്കോടതിയിലും ബന്ധുക്കൾ ആരോപണം ആവർത്തിച്ചതോടെയാണ് അന്വേഷണ സംഘം കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയതെന്നാണ് വിവരം. ലാൻഡ് റവന്യുജോയിന്റ് കമ്മിഷണർ എ. ഗീത മുമ്പ് കണ്ണൂർ കളക്ടറേറ്റിലെത്തി അരുൺ വിജയന്റെ മൊഴിയെടുത്തിരുന്നു.
യാത്രയയപ്പ് യോഗത്തിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ നവീൻ ബാബു തന്നെ വന്നുകണ്ട് തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞുവെന്നായിരുന്നു അന്ന് കളക്‌ടർ മൊഴി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |