സ്‌ട്രെസ് കുറയും എന്നതുൾപ്പെടെ ചൂട് വെള്ളത്തിൽ കുളിക്കുന്നതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് നിരവധി പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ചൂടുവെള്ളത്തിൽ കുളിക്കുന്നത് പുരുഷന്മാരിൽ പ്രത്യുൽപാദനക്ഷമത കുറയ്‌ക്കുമെന്ന ആശങ്കയാണ് ഇപ്പോൾ ആരോഗ്യ വിദഗ്ദ്ധരിൽ ഉണ്ടായിരിക്കുന്നത്. ഉയർന്ന താപനില ബീജത്തിന്റെ ഗുണനിലവാരത്തെ കുറച്ച് പ്രത്യുൽപ്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ചില ശാസ്‌ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
പുരുഷന്റെ പ്രത്യുൽപ്പാദന ക്ഷമതയ്‌ക്കും താപനിലയ്‌ക്കും തമ്മിൽ ബന്ധമുണ്ട്. ഉയർന്ന താപനില ബീജത്തിന്റെ എണ്ണം, ചലനശേഷി, ആരോഗ്യം എന്നിവയെ പ്രതികൂലമായി ബിധിക്കും. മാത്രമല്ല, ചൂട് വെള്ളത്തിൽ ഇടയ്‌ക്കിടെ കുളിക്കുന്നത് വൃഷണത്തിലെ താപനില വർദ്ധിപ്പിച്ച് ബീജത്തിന്റെ ഉൽപ്പാദനവും അതിന്റെ ചലനശേഷിയും കുറയ്‌ക്കുമെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. ഗർഭധാരണത്തിനായി ശ്രമിക്കുന്ന പങ്കാളികളിൽ ഇത് വലിയ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു. അതിനാൽ, പുരുഷന്മാർ തണുത്ത വെള്ളത്തിൽ തന്നെ കുളിക്കാൻ ശ്രമിക്കണമെന്നാണ് ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റും ഡാം ഹെൽത്തിന്റെ സഹസ്ഥാപകനുമായ ഡോ. രാജീവ് അഗർവാൾ പറയുന്നത്.
അതിനാൽ, ചൂട് വെള്ളത്തിൽ കുളിക്കുന്നത് പരമാവധി കുറയ്‌ക്കണമെന്നാണ് ഡോ. അഗർവാൾ പറയുന്നത്. ശരീരം ചൂടാകാതിരിക്കാൻ ശ്രദ്ധിക്കുക. ലാപ്‌ടോപ്പുകൾ അമിതമായി ഉപയോഗിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. സമീകൃതാഹാരം, പതിവായി വ്യായാമം, ഉറക്കം എന്നിവയ്‌ക്കൊപ്പം ധാരാളം വെള്ളവും കുടിക്കുക. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക. ഇവ മൊത്തത്തിലുള്ള ആരോഗ്യത്തിന് ദോഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |