ലക്‌നൗ: ബനാറസി ബിക്കിനി ധരിച്ച ഇന്ത്യൻ യുവതി വരന് മാല ചാർത്തുന്ന ചിത്രങ്ങളാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. 'വിവാഹത്തിന്റെ പരമ്പരാഗത ആചാരങ്ങളെ തച്ചുടയ്ക്കുന്നു' എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രങ്ങൾ വൈറലായത്. ഇതോടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി തരത്തിലുളള പ്രതികരണങ്ങളും സോഷ്യൽമീഡിയയിൽ നിറയാൻ തുടങ്ങി. ചിത്രങ്ങൾ യഥാർത്ഥമാണോ അതോ നിർമിതമാണോയെന്ന സംശയവും പലരിലുമുണ്ടായി. സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.
ഒരു ദേശീയ മാദ്ധ്യമമാണ് പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ മുന്നിൽ കൊണ്ടുവന്നിരിക്കുന്നത്. ലക്നൗവിൽ നിന്നുളള ഒരു വധുവിന്റെ ചിത്രങ്ങളാണെന്ന തരത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. ഇത് ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ (എഐ) സഹായത്തോടെ നിർമിക്കപ്പെട്ടതാണെന്ന് അധികം വൈകാതെ തന്നെ മാദ്ധ്യമം കണ്ടെത്തി.
മഞ്ഞ നിറത്തിലുളള ബനാറസി ബിക്കിനിയിൽ വരന് മാല ചാർത്താനായി നിൽക്കുന്ന യുവതിയുടെ ചിത്രങ്ങളാണ് അവ. ഷർവാണി ധരിച്ച് തൊട്ടടുത്ത് തന്നെ വരൻ നിൽക്കുന്നതും കാണാം. വധുവിനെ പോലെ യുവതി ആഭരണങ്ങളും മേക്കപ്പും ചെയ്തിട്ടുണ്ട്. വിശദമായ തിരച്ചിൽ കൊണ്ടെത്തിച്ചത് റെഡിറ്റിലേക്കായിരുന്നു. 'മാര്യേജ് സീസൺ' എന്ന ക്യാപ്ഷനോടുകൂടിയാണ് യഥാർത്ഥ ചിത്രം 'ദേസി അഡൾട്ട് ഫ്യൂഷൻ' എന്ന റെഡിറ്റ് പേജിൽ പോസ്റ്റ് ചെയ്തിരുന്നുത്. തുടർന്ന് ചിത്രത്തിന് നൽകിയ കൂടുതൽ വിശദീകരണങ്ങൾ പരിശോധിക്കുകയുണ്ടായി. അതിൽ നിന്നാണ് ചിത്രം എഐയുടെ സഹായത്തോടെ തയ്യാറാക്കിയതെന്ന് മനസിലായത്. കൂടുതൽ സ്ഥിരീകരണത്തിനായി മാദ്ധ്യമം ഡിപ്‌ഫേക്ക് ഡിറ്റെക്ഷൻ ടൂളായ truemedia.org മുഖേന പരിശോധനയും നടത്തി. അതിലും ചിത്രം എഐ നിർമിതമാണെന്ന് കണ്ടെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |