കായംകുളം : കായംകുളത്ത് കുപ്രസിദ്ധ ഗുണ്ട ഉൾപ്പെട്ട മയക്കുമരുന്ന് സംഘം പിടിയിലായി. കായംകുളം ചേരാവള്ളി താന്നിക്കതറയിൽ വീട്ടിൽ കണ്ണൻ രാജു (26), ചേരാവള്ളി കൊല്ലകയിൽ വീട്ടിൽ സൂര്യനാരായണൻ ( 22 ), ചേരാവള്ളി ചേടുവള്ളിൽ തറയിൽ വീട്ടിൽ അൽത്താഫ് (25), ചേരാവള്ളി മുറിയിൽ ബാസിത്ത് മൻസിലിൽ അമീൻ (24),പുള്ളിക്കണക്ക് കല്ലുംമൂട്ടിൽ വീട്ടിൽ അഖിൽ (21), ചേരാവള്ളി ഹാഷിം മൻസിലിൽ ഷിനാസ് (23) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കുപ്രസിദ്ധ ഗുണ്ടയും രണ്ടാം പ്രതിയായ സൂര്യനാരായണന്റെ കൊല്ലകയിൽ വീടിന് പുറകുവശം 28 ന് വൈകിട്ട് കൂട്ടംചേർന്ന് ഇരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 6 ഗ്രാം ചരസ് പിടിച്ചെടുത്തു. കായംകുളം,ചേരാവള്ളി,പുള്ളിക്കണക്ക് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി യുവാക്കൾക്ക് മയക്കുമരുന്ന് വിപണനം നടത്തി സംഘത്തിൽ ചേർക്കുന്നുവെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
സർക്കാർ ചിലവിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ സൂര്യനാരായണൻ വീട് കേന്ദ്രീകരിച്ചും ചീനിക്കച്ചവടത്തിന്റെ മറവിലുമാണ് മയക്കുമരുന്ന് വിപണനവും ഗുണ്ടാ പ്രവർത്തനവും നടത്തി വന്നത്. സൂര്യനാരായണനും അൽത്താഫും അമീനും കൊലപാതകശ്രമക്കേസുകളിൽ ഉൾപ്പെടെ പ്രതികളാണ്. കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ കായംകുളം സി.ഐ. അരുൺഷാ, എസ്. ഐ. മാരായ നിസാം, അജിത്ത്, പൊലീസ് ഉദ്യോഗസ്ഥരായ സജീവ്, അഖിൽ മുരളി, മുഹമ്മദ് ഷാൻ, പ്രദീപ്, രതീഷ്, വിഷ്ണു, ഹോം ഗാർഡ് അശോകൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |