മുംബയ്: ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ വീട്ടിലും ഓഫീസിലും ഇ.ഡിയുടെ പരിശോധന. അശ്ലീല വീഡിയോ നിര്‍മാണം, വിപണനം എന്നീ കേസുകളിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. മുംബയ് ജുഹുവിലുള്ള വീട് ഉള്‍പ്പെടെ 15 കേന്ദ്രങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. 2021ല്‍ ഈ കേസുമായി ബന്ധപ്പെട്ട് നാല് യുവതികളുടെ പരാതിയെത്തുടര്‍ന്ന് വ്യവസായിയാ രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു.
വെബ് സീരീസിലും സിനിമയിലും അവസരം വാഗ്ദാനം ചെയ്ത് സിനിമാ മോഹമുള്ള യുവതികളെ വലയിലാക്കുകയെന്നതാണ് രാജ് കുന്ദ്ര പ്രയോഗിച്ചിരുന്ന തന്ത്രം. ഇതിന് ശേഷം നില ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കും. 2021 സെപ്റ്റംബറില്‍ യുവതികള്‍ മുംബയ് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച നീലച്ചിത്രങ്ങള്‍ യൂറോപ്പിലെ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ വില്‍ക്കാന്‍ ശില്‍പ്പയുടെ ഭര്‍ത്താവ് ശ്രമിച്ചിരുന്നു.
വിദേശത്ത് നീലച്ചിത്രങ്ങള്‍ വിറ്റ് പണം സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്. ഹോട്ട്‌ഷോട്‌സ് എന്ന ആപ്പ് വഴിയാണ് രാജ് കുന്ദ്ര തന്റെ പ്രൊഡക്ഷനുകള്‍ വിറ്റിരുന്നത്. ഇത് പിന്നീട് ഒരു വിദേശ കമ്പനിക്ക് വിറ്റിരുന്നു. ആപ്പിന്റെ ഉടമസ്ഥാവകാശം കൈമാറിയത്, ഈ കള്ളപ്പണത്തിന്റെ ഉറവിടം മറയ്ക്കാനായിരുന്നു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ആംസ് പ്രൈം മീഡിയ ലിമിറ്റഡ് എന്ന പ്രൊഡക്ഷന്‍ കമ്പനിയെ കുറിച്ചും ഹോട്ട്‌ഷോട്ട്‌സ് എന്ന ആപ്പിനെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തുകയായിരുന്നു. 2019ല്‍ തുടക്കം കുറിച്ച ഈ കമ്പനി വഴി, ഹോട്ട്‌ഷോട്ട്‌സ് എന്ന ആപ്പിലൂടെ രാജ് കുന്ദ്ര അശ്ലീലചിത്രം നിര്‍മ്മിച്ച് വിതരണം ചെയ്‌തെന്നാണ് ഇഡി കണ്ടെത്തിയത്. ആപ്പിളിലും ഗൂഗിളിലും ഉള്‍പ്പടെ ലഭ്യമായിരുന്ന ഈ ആപ്പ് പിന്നീട് യുകെ ആസ്ഥാനമായുള്ള കെന്റിന്‍ എന്ന കമ്പനിക്ക് വിറ്റിരുന്നു. 119 അശ്ലീലചിത്രങ്ങള്‍ 1.2 മില്യണ്‍ യുഎസ് ഡോളറിന് വില്‍ക്കാന്‍ ശ്രമിച്ചതിന്റെ നിര്‍ണായക രേഖകള്‍ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |