ഉദിയൻകുളങ്ങര: പലിശപ്പണം മുടങ്ങിയതിന് ബ്ലേഡ് മാഫിയയുടെ ഗുണ്ടാ ആക്രമണം. റിട്ടയേർഡ് സൈനികനും ഹോംഗാർഡുമായ ആനാവൂർ ആർ.കെ ഹൗസിൽ കാനക്കോട് വീട്ടിൽ രാധാകൃഷ്‌ണൻ (48)നാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. രാധാകൃഷ്ണന്റെ ഭാര്യവീടായ പൂവാറിലേക്ക് പോകുമ്പോഴായിരുന്നു ഗുണ്ടകൾ സംഘം ചേർന്ന് തടഞ്ഞുനിറുത്തി ആക്രമിക്കുകയും ഗുരുതരമായി മർദ്ദിച്ചവശനാക്കുകയും ചെയ്തത്.
മൂന്നംഗ സംഘത്തിന്റെ ക്രൂരമർദ്ദനത്തിൽ തോളല്ല് പൊട്ടിയ രാധാകൃഷ്‌ണനെ ആദ്യം സർക്കാർ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൂവാർ പൊലീസ് അക്രമിയായ പാച്ചല്ലൂർ രാജേഷ് ഹൗസിൽ രാജേഷ് (44)നെതിരെ കേസെടുത്തു. ബ്ലേഡ് മാഫിയ സംഘത്തിലെ മൂന്നുപേർ അടങ്ങുന്ന സംഘമാണ് ഇന്നലെ വൈകിട്ട് 6.30ന് ആക്രമണം നടത്തിയത്. കാറിലെത്തിയ സംഘം ഭാര്യയ്ക്ക് മുന്നിൽവച്ചാണ് രാധാകൃഷ്ണനെ ക്രൂരമായി മർദ്ദിച്ചത്. പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്ലേഡ് മാഫിയ തലവനായ രാജേഷ് ഒളിവിലാണ്.
ചികിത്സയിൽ കഴിയുന്ന രാധാകൃഷ്ണനെ നാഷണൽ എക്സ് സർവീസ് കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ശ്രീകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഉണ്ണി, പ്രസിഡന്റ് സുനിൽകുമാർ, വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ അടങ്ങിയവർ സന്ദർശിച്ചു. എത്രയും പെട്ടെന്ന് ബ്ലേഡ് മാഫിയ സംഘത്തിലെ അക്രമികളായ മൂന്നുപേരെയും പിടികൂടണമെന്ന് നാഷണൽ സർവീസ് കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ശ്രീകുമാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |