മുംബയ്: ഏകദിന മത്സരങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇനി കളത്തിലിറങ്ങുക പുത്തന്‍ ജേഴ്‌സിയണിഞ്ഞ്. മുംബയില്‍ നടന്ന ചടങ്ങില്‍ നിയുക്ത ഐസിസി ചെയര്‍മാനും ബിസിസിഐ സെക്രട്ടറിയും വനിതാ ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്നാണ് പുതിയ ജേഴ്‌സി പ്രകാശനം ചെയ്തത്. മുമ്പുള്ള ഏകദിന ടീമിന്റെ ജേഴ്‌സിയിലെ ടീമിന്റെ പ്രധാന നിറമായ ആകാശ നീലയെ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ തോളത്ത് ദേശീയപതാകയുടെ ത്രിവര്‍ണം കൂടി വരുന്നത് ജേഴ്‌സിയെ ആകര്‍ഷകമാക്കുന്നുണ്ട്.
ത്രിവര്‍ണത്തിന് പുറത്താണ് അപ്പാരല്‍ സ്‌പോണ്‍സേഴ്‌സായ അഡിഡാസിന്റെ സിഗ്നേച്ചറായ മൂന്ന് വെള്ളവരകള്‍ വരുന്നത്. വനിതാ ക്രിക്കറ്റ് ടീമാണ് പുതിയ ജഴ്‌സി അണിഞ്ഞ് ആദ്യം കളത്തിലെത്തുക. ഡിസംബര്‍ 22ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലാണ് വനിതാ ടീം പുതിയ ജഴ്‌സി ആദ്യം അണിയുക. ഇതിന് മുമ്പ് ഡിസംബര്‍ അഞ്ചിന് ഓസ്‌ട്രേലിയയ്‌ക്കെതിരെ വനിതാ ടീമിന് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയുണ്ടെങ്കിലും നിലവിലെ ജഴ്‌സിയിലാകും ടീം കളത്തിലിറങ്ങുക.
ഇന്ത്യന്‍ ജഴ്‌സി പ്രദര്‍ശിപ്പിക്കാന്‍ ലഭിച്ച അവസരത്തില്‍ സന്തോഷമുണ്ടെന്ന് ഹര്‍മ്മന്‍പ്രീത് കൗര്‍ പ്രതികരിച്ചു. വനിതാ ടീമാണ് ആദ്യമായി പുതിയ ജഴ്‌സി അണിയുക. തോളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ത്രിവര്‍ണ നിറങ്ങള്‍ വളരെ മനോഹരമാണ്. ഇന്ത്യന്‍ ടീമിന് പുതിയ ജഴ്‌സി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലായിരിക്കും പുരുഷ ടീം പുതിയ ജേഴ്‌സിയില്‍ ആദ്യം കളിക്കുക. അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കും ഈ ജേഴ്‌സിയായിരിക്കും രോഹിത് ശര്‍മ്മയും സംഘവും അണിയുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |