കൊച്ചി: ഡിജിറ്റൽ സർവകലാശാല താത്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ ഗവർണർ നിയമിച്ചത് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. സാങ്കേതിക സർവകലാശാല താത്കാലിക വി.സിയായി ഡോ. കെ. ശിവപ്രസാദിനെ നിയമിച്ചത് ചോദ്യം ചെയ്യുന്ന ഹർജിയോടൊപ്പം വാദം കേൾക്കനായി അടുത്തയാഴ്ചത്തേക്ക് ഇതും മാറ്റി. ഗവർണർക്കും സിസ തോമസിനും നോട്ടീസിനും നിർദ്ദേശിച്ചു. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റേതാണ് നടപടി.
സർക്കാർ ലിസ്റ്റ് ഒഴിവാക്കി ഡോ. സിസയെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്നാണ് സർക്കാരിന്റെ വാദം. സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരാണ് ഗവർണറുടെ നടപടിയെന്നും ഹർജിയിൽ പറയുന്നു.
ജാതീയ അധിക്ഷേപമായി
കാണാനാകില്ല
കൊച്ചി: ജാതീയ അധിക്ഷേപമാകുമ്പോൾ മാത്രമേ പട്ടികജാതിവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം നിലനിൽക്കൂവെന്ന് ഹൈക്കോടതി. എം.ജി സർവകലാശാലയിലെ ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി ഡയറക്ടർ ഡോ.നന്ദകുമാറിനെതിരെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഗവേഷണ വിദ്യാർത്ഥി നൽകിയ കേസിലെ തുടർനടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
ഗവേഷണത്തോടനുബന്ധിച്ചുള്ള സെമിനാറിൽ അവതരിപ്പിച്ചത് മോഷ്ടിച്ച ഭാഗങ്ങളാണെന്ന് പരസ്യമായി അദ്ധ്യാപകൻ പരിഹസിച്ചത് ജാതീയ അധിക്ഷേപമാണെന്നായിരുന്നു വിദ്യാർത്ഥിയുടെ പരാതി. വിദ്യാർത്ഥിയും സിൻഡിക്കേറ്റ് അംഗവും ഇതുസംബന്ധിച്ച് മൊഴി നൽകിയിരുന്നു.
അദ്ധ്യാപകന്റെ പരാമർശം ജാതീയ അധിക്ഷേപമായി കാണാനാവില്ലെന്ന് കോടതി വിലയിരുത്തി. വിദ്യാർത്ഥിക്കെതിരെ അദ്ധ്യാപകൻ ജാതീയ അധിക്ഷേപം നടത്തിയതായി പ്രോ വൈസ് ചാൻസലർ പറഞ്ഞെന്ന സിൻഡിക്കേറ്റ് അംഗത്തിന്റെ മൊഴി കണക്കിലെടുക്കാനാവില്ലെന്നും വ്യക്തമാക്കി.
കാഷ്വൽ സ്വീപ്പർമാരുടെ
വേതനം വർദ്ധിപ്പിച്ചു
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ കാഷ്വൽ സ്വീപ്പർമാരുടെ ശമ്പളം 6000 രൂപയിൽ നിന്ന് 8000 രൂപയാക്കി വർദ്ധിപ്പിച്ചു. 2023 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യമുണ്ടാകും. സർക്കാർ സർവീസിലെ കാഷ്വൽ സ്വീപ്പർമാരുടെ വേതനം 2021 ഏപ്രിൽ മുതൽ 8000 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു. സമാന വർദ്ധനവ് പൊതുമേഖലാ സ്ഥാപനങ്ങളിലും നടപ്പാക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ഉത്തരവിറക്കിയത്.
ആനകളെ എഴുന്നള്ളിക്കാൻ
ദൂരപരിധി ഇളവ്: ഹർജി മാറ്റി
കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രം വൃശ്ചികോത്സവത്തിന് ആനകളെ എഴുന്നള്ളിക്കാൻ മൂന്നുമീറ്റർ ദൂരപരിധിയിൽ ഇളവുതേടി പി.ബി. ഗിരീഷ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. എഴുന്നള്ളിപ്പിന് ആനകൾ തമ്മിൽ മൂന്നുമീറ്റർ അകലംവേണമെന്നത്തിൽ ഇളവ് അനുവദിക്കാനാവില്ലെന്ന് മറ്റൊരു ഡിവിഷൻബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ ഉത്തരവ് പരിശോധിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് പറഞ്ഞു. ക്ഷേത്ര രജിസ്റ്റർ പ്രകാരം 1957 മുതൽ ഉത്സവത്തിന് 15 ആനകളെ എഴുന്നള്ളിക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വംബോർഡ് അറിയിച്ചു. 1902ന് മുമ്പേ ഇവിടെ 15 ആനകളെ എഴുന്നള്ളിക്കുന്നുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇതിന്റേതെന്ന് പറയുന്ന ഫോട്ടോയും ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |