മൂവാറ്റുപുഴ: ആയവന എസ്. എച്ച് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തുന്ന നെൽക്കൃഷി എട്ടാംവർഷത്തിലേക്ക്. ഒരു ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തുന്ന നെൽക്കൃഷി വിജയകരമായി എട്ടാംവർഷത്തിലേക്ക് കടക്കുന്നത് സംസ്ഥാനത്തിനാകെ മാതൃകയാവുകയാണ്. നെൽക്കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കൃഷിവകുപ്പും സർക്കാരും മുന്നിട്ടിറങ്ങിയപ്പോൾ അതേറ്റെടുക്കുകയായിരുന്നു ആയവന എസ്.എച്ച് ലൈബ്രറിയിലെ പ്രവർത്തകർ. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരും കർഷകരുമാണ് ലൈബ്രറിയിലെ പ്രവർത്തകർ. ആയവന വലിയ കണ്ടംപാടത്ത് രണ്ടര ഏക്കറിലാണ് മുണ്ടകൻ നെൽകൃഷി ചെയ്തിട്ടുള്ളത്. മുണ്ടകൻ നെൽക്കൃഷിയുടെ വിത്ത് വിതയുടെ ഉദ്ഘാടനം ലൈബ്രറി പ്രസിഡന്റ് ജോർജ് സി. കാക്കനാട് നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി രാജേഷ് ജെയിംസ്, ലൈബ്രറി വൈസ് പ്രസിഡന്റ് ബിജോ മാത്യു, കൃഷി അസിസ്റ്റന്റ് സീജ അജീഷ്, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ സോജൻ മാത്യു, സുഭാഷ് കെ.കെ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
നൂറുമേനി പ്രതീക്ഷ
ജ്യോതി വിത്താണ് വിതച്ചിട്ടുള്ളത്. ആയവന കൃഷി ഭവന്റെ എല്ലാ മാർഗ നിർദ്ദേശങ്ങളും സ്വീകരിച്ചാണ് കൃഷി. ജൈവ വളമാണ് ഉപയോഗിക്കുന്നത്. പഴയകാല കൃഷി രീതിയാണ് പിന്തുടരുന്നത്. പാടം ഉഴുത് മറിച്ച് പാകപ്പെടുത്തിയ ശേഷമാണ് വിത്തിടുന്നത്. ചെളിപ്പാടത്തെ ചെളിമണം പുറത്തേക്ക് വരുമ്പോഴാണ് വിത്ത് വിതക്കുന്നതിന് പാടം പാകപ്പെട്ടതായി കൃഷിക്കാർ മനസിലാക്കുന്നത്. അതിനുശേഷമാണ് വലിയകണ്ടം പാടത്ത് വിത്തിട്ടത്. നൂറുമേനി വിളവ് പ്രതീക്ഷിച്ചാണ് കൃഷിയിറക്കിയിട്ടുള്ളത്.കൊയ്തെടുക്കുന്നതുവരെ കൃഷി സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വവും ലൈബ്രറിയിലെ ഒരുകൂട്ട് പ്രവർത്തകർ ഏറ്റെടുത്തിട്ടുണ്ട്.
നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം യുവാക്കളെ നെൽകൃഷിയുടെ പ്രാധാന്യം മനസിലാക്കിക്കുകയും കൃഷിയിലേക്ക് ആകർഷിക്കാനും വേണ്ടിയാണ് ആയവന എസ്.എച്ച്. ലൈബ്രറി തുടർച്ചയായി നെൽകൃഷി ചെയ്യുന്നത്. ഇതോടൊപ്പം വിവിധ തരം പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്.
രാജേഷ് ജെയിംസ്
ലൈബ്രറി സെക്രട്ടറി
വിജ്ഞാന വിനിമയരംഗത്തും കലാ-കായിക-സാംസ്കാരിക മേഖലയിലും കാർഷിക മേഖലയും മികവ് പുലർത്തി പ്രവർത്തിക്കുന്ന മൂവാറ്റുപുഴ താലൂക്കിൽ എല്ലാ മേഖലയിലും മികവുപുലർത്തി പ്രവർത്തിക്കുന്ന അക്ഷരാലയം ആണ് ആയവന എസ്.എച്ച് ലൈബ്രറി
പോൾസ് സി.ജേക്കബ്
പഞ്ചായത്ത് നേതൃസമിതി കൺവീനർ
ലൈബ്രറി കൗൺസിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |