ആലുവ: വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ മുടക്കി നിർമ്മിച്ച പകൽ വീട് ഉദ്ഘാടനം കഴിഞ്ഞ് നാല് വർഷം പിന്നിട്ടിട്ടും തുറന്നില്ല. ചൂർണിക്കര ഗ്രാമപഞ്ചായത്താണ് പകൽവീട് തുറക്കാതെ അലംഭാവം കാട്ടുന്നത്. എട്ടാം വാർഡിൽ അശോകപുരം ടാലന്റ് സ്കൂളിന് സമീപം നിർമ്മിച്ച പഞ്ചായത്തിന്റെ ഏക പകൽ വീടാണിത്. പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണ് പകൽ വീട് പ്രവർത്തന സജ്ജമാക്കാത്തതിന് കാരണമെന്നാണ് ആക്ഷേപം. 2020 സെപ്തംബർ 13ന് എൽ.ഡി.എഫിലെ കെ.എ. ഹാരീസ് പ്രസിഡന്റായിരിക്കെ അൻവർ സാദത്ത് എം.എൽ.എയാണ് പകൽ വീട് ഉദ്ഘാടനം ചെയ്തത്. തൊട്ടുപിന്നാലെ നടന്ന ത്രിതല തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തി. പുതിയ ഭരണ സമിതി ഇങ്ങോട്ട് തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി.
സൗകര്യങ്ങളൊന്നുമില്ല
പഞ്ചായത്തിലെ ഒറ്റപ്പെട്ട ദ്വീപ് മേഖലയിൽ മൂന്ന് സെന്റിലാണ് പകൽവീട് കെട്ടിടം നിർമ്മിച്ചത്. പഞ്ചായത്ത് പരിധിയിലെ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങൾക്ക് പകൽ സമയങ്ങളിൽ കഴിയുന്നതിനാണ് സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം പകൽ വീടുകൾ നിർമ്മിക്കുന്നത്. രാവിലെ പഞ്ചായത്ത് ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ അവരെ പകൽ വീടുകളിലെത്തിച്ച് വൈകിട്ട് അതേവാഹനത്തിൽ തിരിച്ചെത്തിക്കണം. ആവശ്യമെങ്കിൽ ഉച്ചഭക്ഷണവും നൽകണം. പഞ്ചായത്ത് ചെലവിൽ വാർഡൻമാരെയും നിയോഗിക്കണം.
വയോജനങ്ങളെ എത്തിക്കാൻ ആവശ്യമായ വാഹന സൗകര്യം ഇല്ല
അവർക്ക് ഇരിക്കുന്നതിന് കസേരയും ബെഞ്ചും ഉൾപ്പെടെ ഫർണിച്ചറുകൾ എത്തിച്ചിട്ടില്ല.
വാട്ടർ കണക്ഷൻ എടുത്തിട്ടില്ല.
വൈദ്യുതിവത്കരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്.
വയോജനങ്ങൾക്ക് വീടിന് മുറ്റത്തേക്ക് ഇറങ്ങാൻ പോലും സ്ഥലമില്ല.
ഡിസംബർ 12ന് പകൽവീട് തുറക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ വാർഡിലുള്ളവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. അടുത്ത ബഡ്ജറ്റിൽ പഞ്ചായത്ത് കൂടുതൽ തുക വകയിരുത്തിയ ശേഷം കൂടുതൽ വാർഡുകളിൽ നിന്നുള്ളവർക്ക് കൂടി പ്രവേശനം നൽകും. വാഹനസൗകര്യവും ഒരുക്കും. ഭക്ഷണവും പരിചരിക്കാൻ വാർഡനും ഉണ്ടാകും.
അനീഷ ലിനേഷ്
എട്ടാം വാർഡ് മെമ്പർ, ചൂർണിക്കര പഞ്ചായത്ത്
പഞ്ചായത്തിലെ ഏക പകൽ വീട് എത്രയും വേഗം യാഥാർത്ഥ്യമാക്കണം. പഞ്ചായത്ത് ഭരണസമിതിക്ക് നിസംഗതയാണ്. സർക്കാർ പദ്ധതിയെ പഞ്ചായത്ത് ഭരണസമിതി ആട്ടിമറിക്കുകയാണ്. കെട്ടിടം ഉപയോഗിക്കാതെ നശിക്കുകയാണ്.
കെ.എസ്. സുനീർ
സെക്രട്ടറി, സി.പി.എം
അശോകപുരം ബ്രാഞ്ച്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |