തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ സാന്നിദ്ധ്യം അറിയിച്ച താരമാണ് ആൻഡ്രിയ ജെറിമിയ. പിന്നണി ഗായികയായി എത്തിയ ആൻഡ്രിയ പിന്നീട് അഭിനേത്രിയായി മാറി. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത പച്ചക്കിളി മുത്തുചരം എന്ന ചിത്രത്തിലെ നായികയായാണ് തമിഴ് സിനിമയിലെ അരങ്ങേറ്റം. അന്നയും റസൂലും സിനിമയിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. ലോഹം, ലണ്ടൻ ബ്ര്രിഡ്ജ്, തോപ്പിൽ ജോപ്പൻ എന്നീ മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. താൻ അപൂർവ രോഗത്തിന്റെ പിടിയിലെന്ന് ആൻഡ്രിയ ജെറീമിയ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ചർമ്മത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടിഷൻ പിടിപെട്ടതായാണ് ആൻഡ്രിയ പറഞ്ഞത്.
അതേസമയം, ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, താൻ കുട്ടിക്കാലത്ത് ലൈംഗികമായും ശാരീരികമായും ഉപദ്രവിക്കപ്പെട്ടതായി ആൻഡ്രിയ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലത്ത് ബസിൽ വച്ചാണ് ലൈംഗിക അതിക്രമം നേരിട്ടതെന്നാണ് ആൻഡ്രിയ പറഞ്ഞത്. “ഇതുവരെ രണ്ടുതവണ മാത്രമേ ഞാൻ ബസിൽ യാത്ര ചെയ്തിട്ടുള്ളൂ. കുട്ടിക്കാലത്ത് ഞങ്ങൾ നാഗപട്ടണത്തെ വേളാങ്കണ്ണിയിൽ പോയിരുന്നു. അന്ന് എനിക്ക് 11 വയസ്സായിരുന്നു. അച്ഛൻ എന്റെ അരികിൽ ഇരുന്നു. പെട്ടെന്ന് എന്റെ പുറകിൽ ഒരു കൈ ഉള്ളതായി തോന്നി. അത് എന്റെ അച്ഛനാണെന്ന് ഞാൻ കരുതി. പെട്ടെന്ന് ആ കൈ എന്റെ ടീഷർട്ടിന്റെ ഉള്ളിലേക്ക് കയറി. ഞാൻ അച്ഛനെ നോക്കിയപ്പോൾ ആ കൈകൾ മുന്നിലായിരുന്നു. ഞാൻ അച്ഛനോടോ അമ്മയോടോ ഒന്നും പറഞ്ഞില്ല. ഞാൻ സ്വയം അഡ്ജസ്റ്റ് ചെയ്ത് അൽപ്പം മുന്നോട്ട് ഇരുന്നു" ആൻഡ്രിയ പറഞ്ഞു.
"എന്തുകൊണ്ടാണ് ഞാനത് മാതാപിതാക്കളോട് വെളിപ്പെടുത്താത്തത് എന്ന് എനിക്കറിയില്ല. എന്തോ കുഴപ്പമുണ്ടെന്ന് എനിക്കറിയാം. അച്ഛനോട് പറഞ്ഞാൽ അച്ഛൻ എന്തെങ്കിലും ചെയ്യുമായിരുന്നു പക്ഷെ ഞാൻ ചെയ്തില്ല. കാരണം നമ്മളെ നമ്മുടെ സമൂഹം ആ രീതിയിൽ വളർത്തിയവരാണ്. നിങ്ങൾ ഇതിനെക്കുറിച്ച് വലിയ കാര്യമാക്കരുതെന്നാണ് സമൂഹം ആഗ്രഹിക്കുന്നത്,” നടി കൂട്ടിച്ചേർത്തു.
പിന്നീട് കോളേജിലേക്ക് ബസിൽ യാത്ര ചെയ്യുമ്പോൾ സമാനമായ ഒരു സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു, “എനിക്ക് ബസിൽ കയറാതിരിക്കാൻ അവസരം ലഭിച്ചു, പക്ഷേ പല സ്ത്രീകളും അങ്ങനെ ചെയ്യുന്നില്ല. എന്ത് സംഭവിച്ചാലും അതേ ബസിൽ തന്നെ വീണ്ടും യാത്ര ചെയ്യണം. പല പെൺകുട്ടികളും കോളേജിൽ പഠിക്കുമ്പോൾ ക്ലാസ് മുറിയിൽ കരയുന്നു. ആൻഡ്രിയ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |