#വിജിലൻസ് അന്വേഷണം
കോട്ടയ്ക്കൽ നഗരസഭയിൽ മാത്രം
തിരുവനന്തപുരം:പാവപ്പെട്ടവർക്കുള്ള 1600രൂപയുടെ പ്രതിമാസ സാമൂഹ്യസുരക്ഷാപെൻഷൻ സർക്കാർ ജീവനക്കാരും സർവീസ് പെൻഷൻകാരും നാട്ടിലെ സമ്പന്നരും അടക്കം തട്ടിയെടുക്കുന്നതിൽ വ്യാപക അന്വേഷണം നടത്തുന്നതിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നു.
കൂടുതൽ ക്രമക്കേട് കണ്ടെത്തിയ കോട്ടയ്ക്കൽ നഗരസഭയിൽ ഉത്തരവാദികൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അത് ആ നഗരസഭയിൽ മാത്രമായിപരിമിതപ്പെടുത്തി.
ബാങ്ക് വഴി സാമൂഹ്യപെൻഷൻവാങ്ങുന്നവരെ കുറിച്ച് കൂടുതൽ പരിശോധന നടത്തണമെന്ന ഒഴുക്കൻ നിർദ്ദേശം സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയത് ഒഴിച്ചാൽ മറ്റു നടപടികളിലേക്ക് കടക്കാൻ താത്പര്യപ്പെടുന്നില്ല.
കൈപ്പറ്റുന്നവർ സ്വയം പിൻമാറണം എന്ന് അഭ്യർത്ഥിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്.കടുത്ത നടപടികൾ ഉണ്ടാവില്ല എന്നതിന്റെ സൂചനയാണിത്.
അതേസമയം, സംസ്ഥാന വ്യാപകമായി അന്വേഷണം ശുപാർശ ചെയ്തും അഴിമതിക്കും സാമ്പത്തിക കുറ്റകൃത്യത്തിനും നടപടി നിർദേശിച്ചും വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. ഉദ്യോഗസ്ഥരുടെ സ്വത്ത് കണ്ടുകെട്ടാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വിജിലൻസിലെ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ എല്ലാ ജില്ലകളിലും സർക്കാരുദ്യോഗസ്ഥർ ക്ഷേമപെൻഷൻ തട്ടിയെടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ധനവകുപ്പിന്റെ നിർദ്ദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിൽ 1458സർക്കാർ ജീവനക്കാരും കഴിഞ്ഞവർഷം സി.എ.ജി.നടത്തിയ പരിശോധനയിൽ 9201സർക്കാർജീവനക്കാരുംസർവീസ് പെൻഷൻകാരും അനർഹമായി സാമൂഹ്യപെൻഷൻ വാങ്ങിപ്പോരുന്നതായി കണ്ടെത്തി സർക്കാരിന് റിപ്പോർട്ട് ചെയ്തിരുന്നു.
`ഉടൻ നടപടിയുണ്ടാകും.കൃത്യമായ അന്വേഷണം കഴിയാതെ ആളുകളുടെ പേരുകൾ പുറത്ത് വിടാനാവില്ല.'
-കെ.എൻ.ബാലഗോപാൽ,
ധനമന്ത്രി
എന്തുകൊണ്ട് അന്വേഷണം
ശക്തമാക്കുന്നില്ല?
1.വാർഡ് മെമ്പർമാരുടെ ശുപാർശയോടെ തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കുന്ന അപേക്ഷകളാണ് പരിഗണിക്കുന്നത്. തട്ടിപ്പിന് ഒത്താശ ചെയ്തതിന് നേതാക്കളും പാർട്ടികളും പ്രതിക്കൂട്ടിലാവും.
2.തൊഴിലില്ലാതിരുന്ന കാലഘട്ടത്തിൽ അപേക്ഷിക്കുകയും രാഷ്ട്രീയ സ്വാധീനത്താൽ താത്കാലികമായി സർവീസിൽ കയറുകയും അതേ സ്വാധീനത്താൽ സർക്കാർ സർവീസിൽ സ്ഥിരപ്പെടുകയും ചെയ്ത ഉദ്യോഗസ്ഥരാണ് പെൻഷൻ തട്ടിയെടുക്കുന്നത്.പാർട്ടിയും സർക്കാരും പ്രതിക്കൂട്ടിലാവും.
കോട്ടയ്ക്കലിൽ ബി.എം.ഡബ്ളിയു.
കാറുണ്ടായിട്ടും ക്ഷേമപെൻഷൻ
മലപ്പുറം: കോട്ടയ്ക്കൽ നഗരസഭയിലെ ഏഴാം വാർഡ് നായാടിപ്പാറയിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന 42 പേരിൽ 38 പേരും അനർഹരെന്ന് കണ്ടെത്തി. ബി.എം.ഡബ്ല്യു കാർ ഉടമ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ഉണ്ടെന്നാണ് ധനവകുപ്പ് പരിശോധനാ വിഭാഗം കണ്ടെത്തിയത്.
. മിക്കവരുടെയും വീട് 2,000 ചതുരശ്രയടി തറ വിസ്തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണ്. ഭാര്യയോ ഭർത്താവോ സർവീസ് പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ടെന്നും കണ്ടെത്തി. ഇവരിൽ നിന്ന് പണം തിരിച്ചുപിടിക്കും. 2010 മുതൽ ക്ഷേമ പെൻഷൻ വാങ്ങുന്നവർ അനർഹരുടെ പട്ടികയിലുണ്ട്. ഇതിൽ ഒരാൾ ജീവിച്ചിരിപ്പില്ല.
അനർഹർ കടന്നുകൂടിയത് ഉദ്യോഗസ്ഥ തലത്തിലെ പിഴവാണെന്ന് കോട്ടയ്ക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. ഹനീഷ ആരോപിച്ചു.
യു.ഡി.എഫ് ഭരിക്കുന്ന കോട്ടയ്ക്കലിലെ ബി.ജെ.പിയുടെ രണ്ട് വാർഡുകളിൽ ഒന്നാണ് നായാടിപ്പാറ.
62 ലക്ഷം
ഗുണഭോക്താക്കൾ
₹900 കോടി
പ്രതിമാസ ചെലവ്
₹27,278 കോടി
ഈ സർക്കാർ മേയ് വരെ
നൽകിയ പെൻഷൻതുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |