കരവാളൂർ : റോഡ് വികസനത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകിയവർ തന്നെ പ്രമാണച്ചെലവും വഹിക്കണമെന്ന പഞ്ചായത്തിന്റെ വിചിത്ര നിലപാടിൽ വഴിമുട്ടി കരവാളൂർ -കായംകുന്ന് റോഡ്.
ഏകദേശം ഒന്നര കിലോിമീറ്റർ ദൈർഘ്യമുള്ള റോഡ് കരവാളൂർ മാർക്കറ്ര് ഭാഗം പിന്നിട്ടാൽ പണ്ട് നടവരമ്പായിരുന്നു. 2002 ൽ സ്വകാര്യ സ്‌കൂൾ ആരംഭിച്ചതോടെ സ്‌കൂൾ മാനേജ്‌മെന്റ് സമീപത്തെ സ്ഥലമുടകളിൽ നിന്ന് ഭൂമി വിലയ്‌ക്ക് വാങ്ങിയതോടെ റോഡിന്റെ വിസ്‌തൃതി 6 മീറ്ററോളമാക്കി. എന്നാൽ സ്‌കൂളിനപ്പുറം വീതി കൂട്ടാൻ മാർഗമില്ലാതായതോടെ ഏകദേശം 150 കുടുംബങ്ങളുടെ യാത്രാ ദുരിത്തിനാണ് പരിഹാരമില്ലാതായത്.
ചട്ടത്തിൽ കുടുങ്ങി നവീകരണം
പഞ്ചായത്ത് ഫണ്ട് അപര്യാപ്‌തമായതിനാൽ ബ്‌ളോക്ക് പഞ്ചായത്ത് 7 ലക്ഷം അനുവദിച്ചതോടെ വർഷങ്ങളായി നവീകരണമില്ലാതെ കിടന്ന റോഡിന് ശാപമോക്ഷമാകുമെന്ന് നാട്ടുകാർ ആശ്വസിച്ചു. എന്നാൽ ബ്‌ളോക്ക് ഫണ്ട് ഉപയോഗിക്കണമെങ്കിൽ 6 മീറ്റർ വീതി വേണമെന്ന ചട്ടത്തിൽ കുടുങ്ങി നവീകരണം. നിലവിൽ 3.5 മീറ്റർ മാത്രമാണ് വീതി.അതോടെ രണ്ട് ഭൂവുടമകൾ സൗജന്യമായി സ്ഥലം വിട്ടു കൊടുത്ത് വീതി 6 മീറ്ററാക്കി. എന്നാൽ സർക്കാർ ഫണ്ടുപയോഗിച്ചു വീതി കൂട്ടി ടാർ ചെയ്യണമെങ്കിൽ വിട്ടു കൊടുത്ത സ്ഥലം പഞ്ചായത്തിന്റെ പേരിൽ വസ്‌തു ദാനം ചെയ്‌ത ആൾ പണം മുടക്കി രജിസ്‌റ്റർ ചെയ്‌തു നൽകണെമന്നായി പഞ്ചായത്ത് സെക്രട്ടറി. ഇതോടെ അനുവദിച്ച ഫണ്ട് നഷ്‌ടമാകുമോ എന്ന ചിന്തയാണ് ഇപ്പോൾ പ്രദേശവാസികളെ അലട്ടുന്നത്.
എൻ.കെ.പ്രേമചന്ദ്രൻ ജലസേചന മന്ത്രിയായിരുന്നപ്പോൾ അനുവദിച്ച ഫണ്ടുപയോഗിച്ചാണ് നടവരമ്പ് ട്രാക്‌ടർ റോഡായി ഉയർത്തിയത്. പിന്നീട് 20 വർഷത്തോളം റോഡിന് വികസനമാെന്നും ഉണ്ടായിട്ടില്ല.
എൻ. രാകേഷ്
റിട്ട. അദ്ധ്യാപകൻ
പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കെട്ടിടം നിർമ്മിച്ചാൽ അത് സർക്കാരിന്റെ ആസ്‌തിയാക്കണമെന്ന ചട്ടം മനസിലാക്കാം. എന്നാൽ നാട്ടുകാർ വിട്ടുനൽകിയ ഭൂമിയുപയോഗിച്ചുള്ള പൊതുറോഡിന്റെ ഉടമസ്ഥതാവകാശം സ്ഥാപിച്ചെടുക്കാൻ ഭൂമി നൽകിയവർ തന്നെ ചെലവ് കൂടി വഹിക്കണമെന്ന നിലപാട് അസ്വാഭാവികമായി തോന്നുന്നു.
പ്രദേശവാസി
പഞ്ചായത്ത് സെക്രട്ടറി നിലപാട് സ്വീകരിക്കുന്നത് സർക്കാർ ചട്ട പ്രകാരമാണ്. റോഡിന്റെ ആവശ്യമായതിനാൽ ചട്ടങ്ങളിൽ ഇളവുകൾ ലഭിച്ചേക്കും. സ്ഥലം വിട്ടു നൽകിയവരുമായി കരാറുണ്ടാക്കി പണി ഉടൻ ആരംഭിക്കും.
ലതിക രാജേന്ദ്രൻ
പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |