ന്യൂഡൽഹി : ഉത്തർപ്രദേശ് സംഭാലിലെ ഷാഹി ജമാ മസ്‌ജിദിൽ സർവേ നടത്താനുള്ള വിചാരണക്കോടതി ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ മസ്ജിദ് കമ്മിറ്റിക്ക് സുപ്രീംകോടതി നിർദ്ദേശം.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വിചാരണക്കോടതി അഭിഭാഷക കമ്മിഷന്റെ സർവേയ്‌ക്ക് ഉത്തരവിട്ടതെന്നും അപ്പീലിന് പോലും സമയം നൽകാതെ തിടുക്കത്തിൽ സർവേ നടത്തിയെന്നും കാട്ടി മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും പി.വി. സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. വിചാരണക്കോടതി ജനുവരി 8ന് കേസ് പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാൽ ഹൈക്കോടതി തീരുമാനമെടുക്കുന്നതു വരെ തുടർ നടപടികൾ നിറുത്തി വയ്ക്കാൻ സിവിൽ ജഡ്‌ജിക്കും ( സീനിയർ ഡിവിഷൻ) നിർദ്ദേശം നൽകി. ഹർജി സമർപ്പിച്ച് മൂന്നുദിവസത്തിനകം ഹൈക്കോടതി പരിഗണിക്കണം. അഭിഭാഷക കമ്മിഷന് സർവേ റിപ്പോർട്ട് മുദ്രവച്ച കവറിൽ വിചാരണക്കോടതിയിൽ സമർപ്പിക്കാം. അത് തുറക്കരുതെന്നും ഉത്തരവിട്ടു.
ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമ്മിച്ചതെന്ന ഹർജികളിലാണ് സർവേ നടത്താൻ കഴിഞ്ഞ 19ന് സിവിൽ ജഡ്‌ജി ആദിത്യ സിംഗ് ഉത്തരവിട്ടത്. സർവേയെ തുടർന്നുണ്ടായ സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. സംഘർഷം അന്വേഷിക്കാൻ മുൻഹൈക്കോടതി ജഡ്‌ജി ദേവേന്ദ്ര കുമാർ അറോറ അദ്ധ്യക്ഷനായി മൂന്നംഗ ജുഡിഷ്യൽ കമ്മിഷനെ യു.പി ഗവർണർ ആനന്ദിബെൻ പട്ടേൽ നിയോഗിച്ചിട്ടുണ്ട്.
സമാധാനം ഉറപ്പാക്കണം
പ്രദേശത്ത് സമാധാനവും ഐക്യവും ഉറപ്പാക്കണമെന്ന് സംഭാൽ ജില്ലാഭരണകൂടത്തോട് സുപ്രീംകോടതി നിർദ്ദേശിച്ചു. ഭരണകൂടം നിഷ്‌പക്ഷത പാലിക്കണം. സമാധാനത്തിനായി മദ്ധ്യസ്ഥതാ കമ്മിറ്റികൾ രൂപീകരിക്കണം. സമാധാനത്തിന് നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടത്തിന് വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ഉറപ്പുനൽകി.
മെറിറ്രിലേക്ക് കടന്നില്ല
കേസിന്റെ മെറിറ്റിലേക്ക് സുപ്രീംകോടതി കടന്നില്ല. സർവേ നടത്താനുള്ള ഉത്തരവിന്റെ നിയമസാധുതയിലും അഭിപ്രായം പറഞ്ഞില്ല. ജനുവരി 6ന് വീണ്ടും പരിഗണിക്കും.
മിന്നൽ വേഗം ദുരൂഹം
സംഭാലിലെ ഹരിഹർ ക്ഷേത്രം പൊളിച്ചാണ് പള്ളി നിർമ്മിച്ചതെന്ന് കാട്ടി 19നാണ് വിചാരണക്കോടതിയിൽ ഹർജികൾ എത്തിയത്. മസ്ജിദ് കമ്മിറ്റിയെ കേൾക്കാതെ അന്ന് തന്നെ കോടതി അഭിഭാഷക കമ്മിഷനെ സർവേയ്‌ക്ക് നിയോഗിച്ച് എക്സ് പാർട്ടി ഉത്തരവിട്ടു. രണ്ട് മണിക്കൂറിനകം അഭിഭാഷക കമ്മിഷണറും ഹർജിക്കാരുടെ അഭിഭാഷകരും പൊലീസും പള്ളിയിൽ എത്തി. വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ സർവേ 8.30 വരെ നീണ്ടു. തുടർന്ന് നവംബർ 24ന് രാവിലെ രണ്ടാം സർവേയ്ക്ക് എത്തി. പ്രഭാത പ്രാർത്ഥനയ്ക്ക് എത്തിയ വിശ്വാസികളെ പള്ളിയിൽ നിന്ന് പുറത്താക്കി ആയിരുന്നു സർവേ. അതാണ് സംഘർഷത്തിൽ കലാശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |