മുംബയ്: ഫ്ലാറ്റിൽ വനിതാ പൈലറ്റിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.
എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലി ആത്മഹത്യ ചെയ്യുന്നതിനു നിമിഷങ്ങൾക്ക് മുൻപ് കാമുകൻ ആദിത്യ പണ്ഡിറ്റിനെ വിഡിയോ കാൾ ചെയ്തിരുന്നതായും ഇരുവരും തമ്മിൽ വഴക്കുണ്ടായതായും പൊലീസ് അറിയിച്ചു. സൃഷ്ടിയുമായുള്ള ചില ചാറ്റുകൾ ആദിത്യ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ആദിത്യയുടെ ഫോൺ ഫോറൻസിക് വിദഗ്ദ്ധർക്ക് അയച്ചു. സംഭവ ദിവസം ഇരുവരും തമ്മിൽ 11 തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇതു കൂടാതെ സൃഷ്ടിയുടെ ഫോണിൽ നിരവധി മിസ്ഡ് കാളുകളും വന്നിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ആദിത്യ പൊലീസ് കസ്റ്റഡിയിലാണ്. സൃഷ്ടി ആത്മഹത്യ ചെയ്താൽ താനും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായി ആദിത്യ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം അന്ധേരിയിലെ വാടക ഫ്ളാറ്റിലാണ് സൃഷ്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആദിത്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ സൃഷ്ടിയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നതായി സൃഷ്ടിയുടെ അമ്മാവൻ നൽകിയ പരാതിയിൽ പറയുന്നു. ഭക്ഷണശീലം മാറ്റാൻ സമ്മർദ്ദമുണ്ടായിരുന്നു. മാംസാഹാരം നിറുത്താൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ മറ്റൊരു വനിതാ പൈലറ്റിനും പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സാമ്പത്തിക ആരോപണങ്ങളും കുടുംബം ആദിത്യക്കെതിരെ ഉന്നയിക്കുന്നുണ്ട്.
ജീവനൊടുക്കുമെന്ന് സൃഷ്ടി പറഞ്ഞതിനു പിന്നാലെ ആദിത്യ ഫ്ളാറ്റിലെത്തിയപ്പോൾ വാതിൽ പൂട്ടിയതായി കണ്ടെന്നും ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമിക്കുന്ന ഒരാളെ എത്തിച്ച് വാതിൽ തുറന്നപ്പോൾ സൃഷ്ടിയെ ഡേറ്റ കേബിളിൽ തൂങ്ങിയ കണ്ടെത്തിയെന്നുമാണ് പൊലീസ് പറയുന്നത്.
ഉത്തർപ്രദേശ് സ്വദേശിയായ സൃഷ്ടി കഴിഞ്ഞ വർഷം ജൂണിലാണ് മുംബയിൽ എത്തുന്നത്. രണ്ടു വർഷം മുൻപ് ഡൽഹിയിൽ കൊമേഴ്സ്യൽ പൈലറ്റ് കോഴ്സിനു പഠിക്കുന്നതിനിടെയാണ് ആദിത്യയെ പരിചയപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |