ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അനൈക്യവും അച്ചടക്കമില്ലായ്‌മയും തിരിച്ചടിയായെന്നും കടുത്ത തീരുമാനങ്ങൾ വേണ്ടിവരുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രവർത്തക സമിതി യോഗത്തിൽ പറഞ്ഞു. തോൽവി പഠിച്ച് സംഘടനാ തലത്തിൽ അടിയന്തര നടപടികളെടുക്കാൻ സമിതി രൂപീകരിക്കാനും തീരുമാനിച്ചു. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യപ്പെട്ടെന്നും പ്രമേയം പാസാക്കി.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടായില്ലെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. നാലു സംസ്ഥാനങ്ങളിൽ രണ്ടിടത്ത് ഇന്ത്യ മുന്നണി സർക്കാർ രൂപീകരിച്ചെങ്കിലും കോൺഗ്രസിന്റെ പ്രകടനം നിരാശാജനകമാണ്.
തിരഞ്ഞെടുപ്പിൽ അനുകൂല തരംഗം ഫലങ്ങളാക്കാൻ സാധിച്ചില്ല. പോരായ്മകൾ തിരിച്ചറിഞ്ഞ് അടിയന്തര തിരുത്തൽ നടപടികൾ വേണമെന്ന് ഫലങ്ങൾ തെളിയിക്കുന്നു. തോൽവിക്ക് കാരണമായ സംഘടനാ ബലഹീനതകൾ പരിഹരിക്കണം. അനൈക്യവും പരസ്‌പരമുള്ള ആരോപണങ്ങളും ദോഷമാകും. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കിൽ എതിരാളികളെ രാഷ്ട്രീയമായി പരാജയപ്പെടുത്താനാകില്ല. ഏത് സാഹചര്യത്തിലും ഒറ്റക്കെട്ടായി നിൽക്കണം.
അച്ചടക്കത്തിന് കടുത്ത നടപടികളെടുക്കാം. എന്നാൽ പ്രവർത്തകരെ ബന്ധിച്ചിടാൻ ആഗ്രഹിക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രചാരണ തന്ത്രങ്ങൾ മാറ്റണം. പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധിക്കണം. വോട്ടർ പട്ടികയിൽ പാർട്ടി അനുഭാവികളുടെ സാന്നിധ്യം ഉറപ്പാക്കാൻ ഒരു വർഷം മുമ്പെങ്കിലും തയ്യാറെടുപ്പ് തുടങ്ങണം.
വോട്ടിംഗ് യന്ത്രങ്ങൾ മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രക്രിയ മൊത്തം അട്ടിമറിക്കപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കി. ഇതിനെതിരെ പ്രചാരണം നടത്തും.
തോൽവി സംബന്ധിച്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ കോൺഗ്രസ് അദ്ധ്യക്ഷൻ പഠിച്ച് നടപടിയെടുക്കുമെന്ന് കെ. സി വേണുഗോപാൽ പറഞ്ഞു. സംവരണത്തിലെ 50% പരിധി ഒഴിവാക്കൽ, ജാതി സെൻസസ് തുടങ്ങിയ വിഷയങ്ങളിലും പ്രചാരണം നടത്തും.
ഗാന്ധിജി അദ്ധ്യക്ഷത വഹിച്ചതിന്റെ നൂറാം വാർഷികം
1924ൽ ഗാന്ധിജി അദ്ധ്യക്ഷത വഹിച്ച എ.ഐ.സി.സിയുടെ 39-ാം സെഷന്റെ നൂറാം വാർഷികം ഡിസംബർ 26ന് കർണാടകയിൽ ബെൽഗാമിൽ ആഘോഷിക്കും. പ്രത്യേക പ്രവർത്തക സമിതി യോഗവും റാലിയും സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |