കണ്ണൂർ: ഒരു തെറ്റുപറ്റി എന്ന് എ.ഡി.എം തന്നോട് പറഞ്ഞെന്ന മൊഴിയിൽ വ്യക്തത വരുത്താൻ അന്വേഷണസംഘം വീണ്ടും കണ്ണൂർ ജില്ലാകളക്ടർ അരുൺ കെ.വിജയന്റെ മൊഴിയെടുത്തു. മൊഴിയുടെ പൂർണരൂപം പുറത്തുവന്നിട്ടില്ലെന്ന കളക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമതും മൊഴിയെടുത്തത്. എന്താണ് പറ്റിയ തെറ്റ്? ഏത് സാഹചര്യത്തിലാണ് കളക്ടറെ കണ്ടത്? തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ലഭിക്കാത്ത സാഹചര്യത്തിലാണ് മൊഴി വീണ്ടും രേഖപ്പെടുത്തിയത്.
കളക്ടറുടെ മൊഴി കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് നവീൻ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കളക്ടർ സർക്കാരിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ നവീൻബാബു തെറ്റു സമ്മതിച്ചെന്ന പരാമർശം ഇല്ലായിരുന്നു.ഒക്ടോബർ 22നാണ് പൊലീസ് കളക്ടറുടെ മൊഴി ആദ്യം രേഖപ്പെടുത്തിയത്. അന്ന് നൽകിയ വിവരങ്ങൾ തന്നെയാണ് കളക്ടർ ആവർത്തിക്കുന്നത്.അസി. പൊലീസ് കമ്മിഷണർ ടി.കെ.രത്നകുമാർ, ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി എന്നിവർ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ എത്തിയാണ് കഴിഞ്ഞ ദിവസം രാത്രി മൊഴിയെടുത്തത്.
ടി.വി.പ്രശാന്തന് പെട്രോൾ പമ്പ് അനുവദിക്കുന്നതിന് എൻ.ഒ.സി ലഭിച്ചതുമായി ബന്ധപ്പെട്ട് പി.പി. ദിവ്യ യോഗത്തിൽ പറഞ്ഞ അറിവ് മാത്രമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് കളക്ടർ മൊഴി നൽകിയിട്ടുണ്ട്. നവീൻ ബാബുവുമായി നല്ല ബന്ധമാണെന്നും കളക്ടർ പറഞ്ഞു. ഇരുവരും തമ്മിൽ മാനസിക അടുപ്പമില്ലെന്നാണ് കളക്ടറേറ്റ് ജീവനക്കാരും നവീൻ ബാബുവിന്റെ കുടുംബവും വെളിപ്പെടുത്തിയിരുന്നത്.
നവീൻ ബാബുവിന്റെ മരണശേഷം അന്വേഷണത്തിൽ സംഭവിച്ച വീഴ്ചകൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കുടുംബം അക്കമിട്ട് വ്യക്തമാക്കിയിരുന്നു. അന്വേഷണ പുരോഗതി അറിയിക്കണമെന്നും കേസ് ഡയറി ഹാജരാക്കണമെന്നും എസ്.ഐ.ടിയോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പത്ത് ദിവസമാണ് ഇതിന് കോടതി അനുവദിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |