കൊച്ചി: പതിനഞ്ചുവർഷം മുമ്പ് ഒരാൾ മോശമായി പെരുമാറിയതിന്റെ പേരിൽ ഒരു സിനിമയിൽ പ്രവർത്തിച്ചവരെ മുഴുവൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യംചെയ്തും മറ്റുമായി ബുദ്ധിമുട്ടിക്കുന്നതിനാലാണ് കേസ് തുടരാൻ താത്പര്യമില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചതെന്ന് നടി മാലാ പാർവതി. സംഭവത്തെക്കുറിച്ച് അറിയുകപോലുമില്ലാത്ത നിരപരാധികളായ ഒരാളെയും വേദനിപ്പിക്കാൻ താത്പര്യമില്ല.
2009ലാണ് ചിത്രീകരണത്തിനിടെ തമിഴ് നടൻ മോശമായി പെരുമാറിയത്. അത് വല്ലാതെ വിഷമിപ്പിച്ചു. 16 ടേക്കെടുത്താണ് രംഗം പൂർത്തിയാക്കാനായത്. ഹേമ കമ്മിറ്റിയുടെ സിറ്റിംഗിൽ പങ്കെടുത്തപ്പോൾ ഇക്കാര്യം പറഞ്ഞു. അനുഭവങ്ങളും കേട്ടറിഞ്ഞ കാര്യങ്ങളും അഭിപ്രായങ്ങളും അറിയിക്കാനും കമ്മിറ്റി പറഞ്ഞിരുന്നു. അതിനാലാണ് ചില കാര്യങ്ങൾ അറിയിച്ചത്. അതിന്റെ പേരിൽ പ്രത്യേക അന്വേഷണസംഘം കേസെടുക്കുകയായിരുന്നു.
കേസിന്റെ പേരിൽ പലരും ഒരുപാട് മാനസികസംഘർഷം അനുഭവിക്കുകയാണെന്ന് മനസിലായി. മറ്റുള്ളവരെ വേദനിപ്പിച്ച് എന്ത് നീതി നേടാനാണ്. സിനിമയിൽ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തവരെയുമാണ് ഉപദ്രവിക്കുന്നത്. എല്ലാ പുരുഷന്മാരും മോശക്കാരെന്ന് കരുതുന്നയാളല്ല താൻ. നിരപരാധികളെ വേദനിപ്പിച്ചല്ല നീതി നേടേണ്ടത്. സിനിമയിലുള്ള ബഹുഭൂരിപക്ഷവും നല്ലവരാണ്. തെറ്റുചെയ്യാത്ത സഹജീവികളുടെ കണ്ണ് നിറയിച്ച് എങ്ങനെ നീതി നേടാനാകും.
കേസ് വേണ്ടെന്ന്
അറിയിച്ചിരുന്നു
കേസെടുക്കാനല്ല താൻ കാര്യങ്ങൾ പറഞ്ഞത്. എസ്.ഐ.ടി വിളിച്ചപ്പോഴേ കേസിന് താത്പര്യമില്ലെന്ന് പറഞ്ഞിരുന്നു. കേസ് വേണ്ടെന്ന് രേഖാമൂലവും അറിയിച്ചിരുന്നു. എന്നിട്ടും സിനിമയിൽ പ്രവർത്തിച്ച, സംഭവം അറിയുക പോലുമില്ലാത്തവരെയും പലതവണ ചോദ്യംചെയ്തു ബുദ്ധിമുട്ടിച്ചു.
ഡബ്ല്യു.സി.സി
വാദത്തോട് യോജിപ്പില്ല
താൻ പിന്മാറുന്നത് മറ്റു കേസുകളെ ബാധിക്കില്ല. മറ്റുള്ളവർക്ക് കേസ് തുടരാൻ സ്വാതന്ത്ര്യമുണ്ട്. മറ്റു കേസുകളെ ദുർബലമാക്കുമെന്ന ഡബ്ല്യു.സി.സിയുടെ വാദത്തോട് യോജിപ്പില്ല. കേസ് വേണ്ടെന്ന് പറയാനുള്ള അവകാശം തനിക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |