തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഉപയോഗിക്കുന്ന പായ്ക്കിംഗ് വസ്തുക്കൾ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണരാണ് മാർഗ നിർദേശം പുറത്തിറക്കിയത്.
തട്ടുകടകൾ പോലെയുള്ള ചെറിയ വ്യാപാര സ്ഥാപനങ്ങൾ ഭക്ഷണ വസ്തുക്കൾ പൊതിയുന്നതിന് പത്രക്കടലാസുകൾ പോലെയുള്ള ഫുഡ് ഗ്രേഡ് അല്ലാത്ത പായ്ക്കിംഗ് വസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ലെഡ് പോലെയുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ കലരും. മാത്രല്ല രോഗവാഹികളായ സൂക്ഷ്മജീവികൾ വ്യാപിക്കുന്നതിനും ഇത് ഇടയാക്കും.
എണ്ണ പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകൾ ഉപയോഗിക്കരുത്. ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും സുരക്ഷിതവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ മാർഗ്ഗങ്ങൾ സ്വീകരിക്കണം. ഇതിനായി ഫുഡ് ഗ്രേഡ് കണ്ടെയ്നറുകൾ ഉപയോഗിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |