മലയാളി താരം മുഹമ്മദ് ഇനാൻ ബാറ്റിംഗിൽ തിളങ്ങി,
വൈഭവ് സൂര്യവംശി നിരാശപ്പെടുത്തി
ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 43റൺസിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഓപ്പണർ ഷഹ്സെയ്‌ബ് ഖാന്റെ (159) സെഞ്ച്വറിയുടെ പിൻബലത്തിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 281 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 47.1 ഓവറിൽ 231 റൺസിന് ഓൾഔട്ടാവുകയായിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ നിഖിൽ കുമാറാണ് (77 പന്തിൽ 67) ഇന്ത്യയുടെ ടോപ് സ്‌കോറർ. പത്താമനായി ഇറങ്ങിയ മലയാളി താരം മുഹമ്മദ് ഇനാൻ 2 വീതം സിക്സും ഫോറും അടക്കം 22 പന്തിൽ 30 റൺസ് നേടി വാലറ്റത്ത് അടിച്ചു തകർത്തത് ഇന്ത്യയുടെ തോൽവി ഭാരം കുറച്ചു. അവസാന വിക്കറ്റിൽ യുദ്ധിത് ഗുഹയ്ക്കൊപ്പം (13) 44 പന്തിൽ 48 റൺസിന്റെ കൂട്ടുകെട്ട് ഇനാനുണ്ടാക്കി. ഇനാൻ റണ്ണൗട്ടായതോടെയാണ് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചത്.
ഐ.പി.എൽ മെഗാലേലത്തിൽ രാജസ്ഥാൻ റോയൽസ് 1.10 ലക്ഷം രൂപ മുടക്കി തങ്ങളു പാളയത്തിലെത്തിച്ച അദ്ഭുത പ്രതിഭ പതിമ്മൂന്നുകാരൻ വൈഭവ് സൂര്യൻവൻഷിയ്ക്ക് (1) തിളങ്ങനായില്ല.
നേരത്തേ ഓപ്പണർമാരായ ഷഹ്‌സെയിബിന്റെ സെഞ്ച്വറിയും ഉസ്മാൻ ഖാന്റെ (60) ആർദ്ധ സെഞ്ച്വറിയുമാണ് പാകിസ്ഥാന് കരുത്തായത്. ഇരുവരും ഒന്നാം വിക്കറ്റിൽ 184 പന്തിൽ കൂട്ടിച്ചേർത്ത 160 റൺസാണ് പാക് ഇന്നിംഗ്സിലെ നട്ടെല്ലായത്. 147 പന്തിൽ 10 സിക്സും 5 ഫോറും ഉൾപ്പെട്ടതാണ് ഷഹ്‌സെയിബിന്റെ ഇന്നിംഗ്‌സ്. ഇന്ത്യയ്ക്കായി സമർത്ഥ് നാഗരാജ് മൂന്നും ആയുഷ് മഹത്രേ രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി. മുഹമ്മദ് ഇനാൻ രണ്ട് ഓവർ എറിഞ്ഞെങ്കിലും 34 റൺസ് വഴങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |