ബ്രസൽസ്: ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധിയും ആരോഗ്യ ഇൻഷുറൻസും തൊഴിൽ നിയമവും നടപ്പിലാക്കി യൂറോപ്യൻ രാജ്യം. ലോകത്തിൽ തന്നെ ഇത്തരത്തിലൊരു തീരുമാനമെടുക്കുന്ന ആദ്യ രാജ്യമായി മാറി ചരിത്രം കുറിച്ചിരിക്കുകയാണ് ബെൽജിയം. ഔദ്യോഗിക തൊഴിൽ കരാർ, പെൻഷൻ, സിക്ക് ലീവുകൾ എന്നിവയും ലൈംഗിക തൊഴിൽ മേഖലയിൽ നടപ്പിലാക്കിയിരിക്കുകയാണ്.
2022ലാണ് ബെൽജിയം ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതാക്കി മാറ്റിയത്. ജർമനി, ഗ്രീസ്, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളും ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതാക്കി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നെങ്കിലും തൊഴിൽ നിയമങ്ങൾ അടക്കം നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് ബെൽജിയം. ലൈംഗിക തൊഴിൽ മറ്റേതൊരു തൊഴിൽ പോലെയായിരിക്കും ഇനിമുതൽ കണക്കാക്കുക.
നിയമം വളരെ പ്രാധാന്യമുള്ളതാണെന്ന് ബെൽജിയൻ യൂണിയൻ ഒഫ് സെക്‌സ് വർക്കേഴ്‌സ് പ്രസിഡന്റ് വിക്‌ടോറിയ പറയുന്നു. 'തൊഴിൽ അനധികൃതമാണെങ്കിൽ നിങ്ങൾക്ക് സംരക്ഷണം നൽകാൻ വഴികളില്ല. ഒരിക്കൽ ഒരു ഉപഭോക്താവ് തന്നെ ബലാത്സംഗം ചെയ്തു. എന്നാൽ പൊലീസിൽ പരാതിപ്പെട്ടപ്പോൾ ലൈംഗിക തൊഴിലാളികൾ പീഡിപ്പിക്കപ്പെടില്ല എന്ന് ചൂണ്ടിക്കാട്ടി തന്റെ പരാതി തള്ളി. അതിനാൽ ലൈംഗിക തൊഴിൽ മേഖലയിൽ പുതിയ നിയമം വളരെ പ്രാധാന്യമേറിയതാണ്'- വിക്‌ടോറിയ വ്യക്തമാക്കി.
പുതിയ നിയമം പ്രതീക്ഷ നൽകുന്നുവെന്ന് ബെൽജിയത്തിലെ ലൈംഗിക തൊഴിലാളിയായ മെൽ പറയുന്നു. പുതിയ നിയമപ്രകാരം ഉപഭോക്താക്കളെ നിരസിക്കാനോ സുരക്ഷിതമല്ലാത്ത ലൈംഗിക പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാനോ സാധിക്കും. പുതിയ നിയമം സ്ത്രീകൾക്ക് വളരെയധികം സഹായകമാണെന്നും മെൽ ചൂണ്ടിക്കാട്ടി. അതേസമയം, പുതിയ നിയമം മനുഷ്യക്കടത്തിനും ചൂഷണത്തിനും പീഡനത്തിനും കാരണമാകുമെന്ന് ചിലർ സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |