തിരുവനന്തപുരം: സർവീസിലുള്ളവർ സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ കുറ്റക്കാരുടെ പേരുവിവരങ്ങൾ സർക്കാർ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തു നൽകി. സർവീസിലുള്ളവർ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നുവെന്ന കണ്ടെത്തൽ അതീവ ഗൗരവമുള്ളതാണ്. പേരുവിവരങ്ങൾ പുറത്തുവിടാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി സംശയനിഴലിലാകുമെന്ന് കത്തിൽ പറയുന്നു.
കത്തിന്റെ പൂർണരൂപം
ഗസറ്റഡ് റാങ്കിലുള്ളതടക്കം 1458 സർക്കാർ ഉദ്യോഗസ്ഥരും ആഡംബര കാറുകളുള്ള അതിസമ്പന്നരും സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടെന്ന കണ്ടെത്തൽ അതീവ ഗൗരവമുള്ളതാണ്. പാവപ്പെട്ട ജനങ്ങളുടെ അവകാശമായ സാമൂഹിക സുരക്ഷാ പെൻഷൻ ലിസ്റ്റിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്‌തംബറിൽ കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. പരിഹാര നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് 2022 മേയ് മാസത്തിൽ സർക്കാർ സിഎജിയെ അറിയിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അത്ഭുതകരമാണ്.
സർക്കാർ ശമ്പള സോഫ്‌ടുവെയറായ സ്‌പാർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ സോഫ്‌ട്‌വെയറായ സേവനയും ഒത്തുനോക്കിയാൽ തന്നെ തട്ടിപ്പ് കണ്ടെത്താമായിരുന്നു. എന്നിട്ടും വിലപ്പെട്ട രണ്ട് വർഷമാണ് സർക്കാർ പാഴാക്കിയത്. സർവീസിൽ തുടരവെ സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയവരുടെ പേരു വിവരങ്ങൾ പുറത്തുവിടണം.അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി സംശയനിഴലിലാവും.
ക്രമക്കേട് പുറത്തുവന്നത് സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തെ ബാധിക്കരുത്. പെൻഷൻ കുടിശിക അടക്കം ഉടൻ കൊടുത്ത് തീർക്കണം. ഏതാനും സർക്കാർ ജീവനക്കാർ അനർഹമായ പെൻഷൻ കൈപ്പറ്റിയതിൽ ജീവനക്കാരെയാകെ അധിക്ഷേപിക്കുന്ന സ്ഥിതിയുണ്ടാകാൻ പാടില്ല. അവരുടെ ന്യായമായ അവകാശങ്ങൾ ഇതിന്റെ പേരിൽ നിഷേധിക്കപ്പെടരുത്. ക്ഷേമ പെൻഷൻ വിതരണത്തിന് ഉപയോഗിക്കുന്ന സോഫ്‌ട്‌വെയറിൽ ഗുരുതര പോരായ്‌മകൾ സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.
പാവങ്ങൾക്കുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ സർവീസിലുള്ളവർ തട്ടിയെടുത്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും വാങ്ങിയ പണം പലിശസഹിതം തിരിച്ച് ഈടാക്കാനും മുഖ്യമന്ത്രി കഴിഞ്ഞദിവസം കർശന നിർദ്ദേശം നൽകിയിരുന്നു. ഭാവിയിൽ തട്ടിപ്പ് ഉണ്ടാകാതിരിക്കാൻ ഗുണഭോക്താക്കളുടെ ഫെയ്സ് മസ്റ്ററിംഗ് നിർബന്ധമാക്കാനും നിർദ്ദേശിച്ചു. ധനമന്ത്രി കെ.എൻ.ബാലഗോപാലിനെയും തദ്ദേശമന്ത്രി എം.ബി.രാജേഷിനെയും വിളിച്ചുവരുത്തി ഉന്നതതലയോഗം ചേർന്നിരുന്നു. ഇതിനുശേഷമാണ് നിർദേശം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |