മൈസൂരു: നായാടി മുതൽ നസ്രാണിവരെയുള്ളവരുടെ കൂട്ടായ്മയ്ക്കായുള്ള ഐക്യ ആഹ്വാനവുമായി എസ്.എൻ.ഡി.പി യോഗം ത്രിദിന നേതൃക്യാമ്പിന് സമാപനം. മൈസൂരു ലേ മെറിഡിയനിൽ (ഡോ.പൽപ്പു നഗർ) കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ സംഘടനാചർച്ചയിലാണ് ഐക്യ ആഹ്വാനത്തിന് രൂപം നൽകിയത്. കേരളത്തിൽ ഇന്ന് ജീവിക്കാൻ ഇത്തരമൊരു ഐക്യം അനിവാര്യമായിരിക്കുന്നുവെന്ന് സമാപന പ്രസംഗത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഞാൻ ഉള്ളത് പറയും, ഒത്ത് പറയില്ല. സാമൂഹിക യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്നതുകൊണ്ട് എന്നെ രാഷ്ട്രീയക്കാർ കല്ലെറിയുകയാണ്. യോഗം രാഷ്ട്രീയ പാർട്ടിയല്ല. സാമുദായിക സംഘടനയാണ്. ആർജ്ജവത്തോടെ അഭിപ്രായം പറയുന്നത് പോരാട്ടമാണ്. ആരെ വേദനിപ്പിച്ചാലും പ്രശ്നമില്ല. വിമർശനാത്മക നിലപാടുകൾ ഇനിയും പറയും.
യോഗം പ്രവർത്തകർ പരമ്പരാഗത രാഷ്ട്രീയ തടവറ വിട്ട് സമുദായ പ്രവർത്തനത്തിൽ അതീവ ശ്രദ്ധ കാണിച്ചാൽ മാത്രമേ യോഗം രാഷ്ട്രീയ ശക്തിയാവൂ. സംസ്ഥാന ഭരണം പിടിക്കാൻ ഇടതും വലതും ഇപ്പോഴും മുസ്ലിം പ്രീണനം നടത്തുകയാണ്. എതിർക്കുന്ന ശക്തികളെ തളർത്തുന്ന നയമെടുക്കും. നായാടി മുതൽ നമ്പൂതിരിവരെ എന്ന മുദ്രാവാക്യം വർത്തമാന കാലത്ത് മാറ്റേണ്ടിയിരിക്കുന്നു. നായാടി മുതൽ നസ്രാണി വരെ ഐക്യപ്പെടേണ്ടത് അത്യാവശ്യമാണ്.
ഭരണഘടനയ്ക്കു മേലെ എതെങ്കിലും മതത്തിന്റെ നിയമം നടപ്പിലാക്കാൻ ശ്രമിച്ചാൽ എന്തുവില കൊടുത്തും നേരിടും. വഖഫ് അധിനിവേശം പ്രാകൃത സംസ്‌കാരമാണ്. മനുഷ്യനുവേണ്ടിയാകണം ഏതു മതത്തിന്റെയും നിയമങ്ങൾ. ഈഴവരുടെ ക്ഷേത്രങ്ങളിലും വീടുകളിലും നടക്കുന്ന ആചാരാനുഷ്ഠാനങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും തടസ്സം സൃഷ്ടിക്കാനെത്തുന്നവരെ ആശയപരമായി നേരിടും. പാർട്ടിക്കാർ പാർട്ടിയുടെ കാര്യം നോക്കുക. യോഗത്തിന്റെ കാര്യത്തിൽ ആവശ്യമില്ലാതെ ആര് ഇടപെട്ടാലും അവർ സമൂഹത്തിൽ സ്വയം അയോഗ്യരാവുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. 2024ലെ കേരള രത്ന സമ്മാൻ അവാർഡിനർഹനായ അഡ്വ.രാജൻ ബാബുവിനെ ആദരിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, അഡ്വ.രാജൻ ബാബു, സിനിൽ മുണ്ടപ്പള്ളി, പി.ടി.മന്മഥൻ, യോഗം കൗൺസിലർമാരായ പി.സുന്ദരൻ, വിപിൻരാജ്, പി.കെ.പ്രസന്നൻ, ബേബി റാം, ഷീബ ടീച്ചർ, ബാബു കടുത്തുരുത്തി, പച്ചയിൽ സന്ദീപ്, എബിൻ അമ്പാടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |