തൃശൂർ: വിദ്യാർത്ഥികൾക്ക് വൈവിദ്ധ്യമാർന്ന സസ്യങ്ങളെ പരിചയപ്പെടുത്താൻ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ ബോട്ടണി വകുപ്പ് മേധാവി ആൽഫ്രഡ് ജോയ്ക്ക് തേടി അലയേണ്ട. ഡിഗ്രി പഠനകാലം മുതൽ പറപ്പൂർ പൊറുത്തൂർ വീട്ടിൽ നട്ടുവളർത്തുന്ന ശേഖരത്തിലുണ്ട് വിദേശയിനങ്ങൾ ഉൾപ്പെടെ 1500 സസ്യങ്ങൾ.
ആൽഫ്രഡിന്റെ ഭാര്യ തൃശൂർ സെന്റ് തോമസ് കോളേജിലെ ബോട്ടണി അദ്ധ്യാപിക സന്ധ്യയും ലാബ് ആവശ്യങ്ങൾക്കും പ്രാക്ടിക്കലിനും കൊണ്ടുപോകാറുള്ളതും വീട്ടിലെ ചെടികളാണ്. ഇരപിടിയൻ സസ്യങ്ങളായ വിദേശയിനങ്ങളും ഇക്കൂട്ടത്തിലുണ്ട്. 2004ൽ ഡിഗ്രി പഠനകാലത്താണ് പൂന്തോട്ടമൊരുക്കി തുടങ്ങിയത്. അദ്ധ്യാപകനായപ്പോൾ വിദ്യാർത്ഥികൾക്ക് നേരിട്ട് പരിചയപ്പെടുത്താനായി വിപുലപ്പെടുത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പി.എച്ച്.ഡിക്ക് പഠിക്കുമ്പോൾ അവിടുത്തെ ബൊട്ടാണിക്കൽ ഗാർഡനിൽ സമയം ചെലവിടുമായിരുന്നു. തുടർന്ന് സ്വന്തമായൊരു ബൊട്ടാണിക്കൽ ഗാർഡനെന്ന മോഹമുദിച്ചു. പൂന്തോട്ടമുണ്ടാക്കുന്നതിൽ തത്പരനും റിട്ട.ബാങ്ക് മാനേജരുമായ അച്ഛൻ ലോനപ്പനും അദ്ധ്യാപികയായിരുന്ന അമ്മ ബീനയും പിന്തുണയേകി. അങ്ങനെയാണ് ജീവന്റെ കളിത്തൊട്ടിൽ ( ക്രാഡിൽ ഒഫ് ലൈഫ്) എന്ന പേരിൽ പൂന്തോട്ടമൊരുക്കിയത്. 12 സെന്റ് പുരയിടത്തിൽ വീടൊഴികെയുള്ള സ്ഥലത്തെല്ലാം സസ്യങ്ങളാണ്.
ഇരപിടിയൻ സസ്യങ്ങളും
മുൾച്ചെടികൾ, കള്ളിച്ചെടികൾ, അക്കിമെനസ്, അലങ്കാര ഇഞ്ചിവർഗം, വിദേശയിനവും മാംസഭുക്കുകളുമായ ഇരപിടിയൻ സസ്യങ്ങൾ തുടങ്ങിയവയുണ്ട്. പ്രാണികൾ, വണ്ട്, പല്ലി തുടങ്ങിയവയെ ഇലകൾ കൊണ്ട് കെണിയിൽപ്പെടുത്താറുണ്ട്. ജീവികളിൽ നിന്ന് നൈട്രജൻ സംയുക്തം വലിച്ചെടുത്ത് അതിന്റെ കുറവ് പരിഹരിക്കാനാണിത്. ചേമ്പ്, കലാത്തിയ വർഗത്തിൽപെട്ട ധാരാളം ഇലച്ചെടികളും നട്ടുവളർത്തുന്നുണ്ട്. ഇവയെല്ലാം പലരിൽ നിന്നായാണ് ശേഖരിച്ചത്. ഗവേഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ചെടികളെത്തിച്ചിട്ടുണ്ട്. ഒന്നാം ക്ലാസുകാരൻ ഏബലും ഡാനുമാണ് (ഒന്നര വയസ്) ആൽഫ്രഡിന്റെ മക്കൾ.
രാവിലെയും വൈകിട്ടും ഒന്നര മണിക്കൂർ വീതവും അവധി ദിനങ്ങളിൽ കൂടുതൽ സമയവും ഇവയെ പരിപാലിക്കും.
ആൽഫ്രഡ് ജോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |