തിരുവനന്തപുരം: സി.പി.എമ്മിൽ ചേരിപ്പോരും വിഭാഗീയതയും വച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറയുകയും നേരിട്ട് ഇടപെടുകയും ചെയ്യുമ്പോഴും അതൊന്നും വകവയ്ക്കാതെ പ്രാദേശിക ഘടകങ്ങളിൽ ചേരിപ്പോര് തുടരുന്നു. ഏറ്റവും ഒടുവിലായി ഇന്നലെ തിരുവനന്തപുരം ജില്ലയിലെ മംഗലപുരം ഏരിയ കമ്മിറ്റി യോഗത്തിൽ നിന്ന് നിലവിലെ സെക്രട്ടറി മധു മുല്ലശേരി ഇറങ്ങിപ്പോവുകയും പാർട്ടി വിടുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.ഏരിയ സെക്രട്ടറിസ്ഥാനത്തേക്ക് എം.ജലീലിനെ ജില്ലാനേതൃത്വം നിർദ്ദേശിച്ചതാണ് രണ്ടു തവണയായി ഈ സ്ഥാനത്ത് തുടരുന്ന മധുവിനെ പ്രകോപിപ്പിച്ചത്. ഏരിയ സമ്മേളനത്തിൽ കഴിഞ്ഞ ദിവസം മധുവിന്റെ പ്രവർത്തനശൈലിയെ സമ്മേളന പ്രതിനിധികളിൽ ചിലർ വിമർശിച്ചിരുന്നു.വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് മംഗലപുരം ലോക്കൽ സമ്മേളനം മാറ്റിവയ്ക്കേണ്ടിയും വന്നിരുന്നു.
പുതിയ ഏരിയ സെക്രട്ടറി വേണമെന്ന നിലപാടിൽ ജില്ലാനേതൃത്വം ഉറച്ചുനിന്നതോടെ, പാർട്ടി ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് മധു ഇറങ്ങിപ്പോവുകയായിരുന്നു.ജലീലിനെ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട് ചാനൽ ചർച്ചയിൽ സംസ്ഥാന സെക്രട്ടറിയെയും മധു വിമർശിച്ചു. സെക്രട്ടറി കണ്ണുരുട്ടിയാൽ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞെന്നു തുറന്നടിച്ചു.
അതേസമയം, തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കൊച്ചുമോനെ അടിയന്തരമായി പദവിയിൽ നിന്ന് നീക്കി. ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജില്ലാക്കമ്മിറ്റി ഓഫീസിലെത്തി യോഗം ചേർന്ന് നടപടി തീരുമാനിക്കുകയായിരുന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയായിരുന്ന തോമസ് ഐസക്കിനെ തോൽപ്പിക്കാൻ രണ്ട് ഏരിയാക്കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പ്രവർത്തിച്ചെന്ന കമ്മിറ്റിയുടെ റിപ്പോർട്ട് ചോർന്നത് ചേരിപ്പോരിന് ഇടയാക്കിയിരുന്നു.
ഏരിയാക്കമ്മിറ്റി അംഗം ജനോ മാത്യുവിനാണ് ലോക്കൽ സെക്രട്ടറിയുടെ ചുമതല നൽകിയത്. രണ്ടുവട്ടം മാറ്റിവച്ച സമ്മേളനം ഈ മാസം ഒൻപതിന് നടത്താനും തീരുമാനമായി.
കൊടുമൺ ഏരിയ സമ്മേളനത്തിലും രണ്ടു ചേരിയുണ്ടായി. ജില്ല സെക്രട്ടറി ഉദയഭാനു നിർദ്ദേശിച്ച ആർ.ബി. രാജീവ്കുമാർ വോട്ടെടുപ്പിലൂടെയാണ് സെക്രട്ടറിയായത്.
പാലക്കാട്ട് ജില്ല സെക്രട്ടറിയുടെ നിലപാടുകളെയും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനെ സ്ഥാനാർത്ഥയാക്കിയതിനെയും ഒറ്റപ്പാലംഏരിയ സമ്മേളനത്തിൽ ഒരു വിഭാഗം ചോദ്യം ചെയ്തതും പ്രശ്നങ്ങൾക്കിടയാക്കി.
വേണുഗോപാൽ
ജി.സുധാകരനെ കണ്ടു
അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന്റെ പൊതു സമ്മേളനത്തിൽ പോലും മുൻ മന്ത്രി ജി.സുധാകരനെ പങ്കെടുപ്പിക്കാത്തത്
വിവാദമായതിനു പിന്നാലെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്നലെ സുധാകരനെ വീട്ടിലെത്തി
കണ്ടതും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ദേഹത്തെ പാർട്ടിയിലേക്ക് ക്ഷണിച്ചതും അഭ്യൂഹങ്ങൾക്ക്
ഇടനൽകി.
അമേരിക്കൻ ബന്ധം
ആരോപിച്ച് ഇ.പി
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാട്ടികളെയും കേരളത്തിലെ സി.പി.എമ്മിനെയും തകർക്കാൻ ഒരു അമേരിക്കൻ
സർവകലാശാലയിൽ നിന്ന് പോസ്റ്റ് മോഡേൺ കോഴ്സിൽ പരിശീലനം നേടിയവരെ ഇറക്കി വിട്ടിരിക്കുകയാണെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ .പാർട്ടിയിൽ നേതാക്കൾക്കെതിരെ ശബ്ദമുയരുന്നതിന് പിന്നിൽ പണം കൊടുത്തും,മാദ്ധ്യമങ്ങളെ സ്വാധീനിച്ചും ഇവർ നടത്തുന്ന ഇടപെടലുകളാണെന്നും,അണികൾ ജാഗ്രത പുലർത്തണമെന്നുമാണ് കണ്ണൂർ പാപ്പിനിശേരി ഏരിയാ സമ്മേളനത്തിൽ
ഇ.പിയുടെ മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |