വിഴിഞ്ഞം: നിരോധനമുള്ള സാറ്റലൈറ്റ് ഫോൺ പിടികൂടിയ സംഭവത്തിൽ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണത്തിനെത്തി. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്,ഐബി, മിലിറ്ററി ഇന്റലിജൻസ് തുടങ്ങിയ വിഭാഗങ്ങൾ അന്വേഷണത്തിന് എത്തി. വിഴിഞ്ഞം മുക്കോല ജി.ആർ.എസ് ഭവനിൽ മത്സ്യതൊഴിലാളിയായ വിനോദിന്റെ
(33) വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി സാറ്റലൈറ്റ് ഫോൺ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ഗൾഫിലുള്ള ബന്ധുവായ പ്രജീഷ് നാട്ടിലെത്തിയപ്പോഴാണ് 48,000 രൂപ വിലയുള്ള ഫോൺ ലഭിച്ചതെന്ന് വിനോദ് പൊലീസിന് മൊഴിനൽകി. ഉൾക്കടലിൽ മത്സ്യ കൂട്ടങ്ങളെ കാണുമ്പോൾ കരയിൽ മറ്റ് മത്സ്യ തൊഴിലാളികളെ വിവരം അറിയിക്കുന്നതിനായാണ് ഈ ഫോൺ വാങ്ങിയത്. ഇത്തരം വിവരം നൽകുമ്പോൾ ഇവർക്ക് കമ്മിഷനായി നല്ല തുക ലഭിക്കുമെന്നാണ് വിനോദ് വിശദീകരണം നൽകിയതെന്ന് പൊലീസ് പറഞ്ഞു. ഉൾക്കടലിൽ മറ്റു മൊബൈൽ നെറ്റുവർക്കുകൾക്ക് റേഞ്ചില്ലെങ്കിലും ഇത്തരം ഫോണുകൾക്ക് പ്രശ്നമല്ല.
ഇതാണ് ഈ ഫോൺ വാങ്ങാൻ കാരണം.ടെലികോം നിയമമനുസരിച്ച് ഈ ഫോൺ നിരോധിക്കപ്പെട്ടതാണെന്നും ഉപയോഗിച്ചാൽ വൻപിഴയുൾപ്പെടുന്ന ജാമ്യമില്ലാ കുറ്റമാണെന്നും പൊലീസ് പറഞ്ഞു. തുറയ എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഫോൺ ഫോറൻസിക് പരിശോധനക്കു നൽകുമെന്നും സംഭവം സംബന്ധിച്ച് വിശദ അന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു. നിരോധനമുള്ളതിനാൽ ഈ ഫോൺ ഉപയോഗിച്ചതോടെ പ്രവർത്തന സ്‌ഥലമുൾപ്പെടെയുള്ളവ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചു. ഉടൻ മിലിട്ടറി ഇന്റലിജൻസ് അടക്കമുള്ള രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |