തൃശൂർ: തിരുവില്വാമലയുടെ സ്വന്തം പശുവാണ് കുള്ളൻ വില്വാദ്രി. വർഷം തോറും പ്രസവിക്കും. 3 -4 ലിറ്റർ പാലേ കിട്ടൂവെങ്കിലും നല്ല കട്ടിയാണ്. ഔഷധഗുണവും കൂടുതൽ. പക്ഷേ, ഈ അപൂർവ ഇനം അന്യംനിൽക്കുകയാണ്. ശേഷിക്കുന്നത് 250ൽ താഴെമാത്രം.
വില്വാദ്രിയെ കൂടുതൽ വളർത്തി രാജ്യത്തെ അംഗീകൃത പശു ബ്രീഡ് പദവി നേടി സംരക്ഷിക്കണമെന്ന് വെറ്ററിനറി ശാസ്ത്രജ്ഞർ അഭ്യർത്ഥിക്കുന്നു. ആയിരം പശു ഉണ്ടെങ്കിലേ അംഗീകാരം ലഭിക്കൂ. സർക്കാർ മുൻകൈയെടുക്കണമെന്നാണ് ആവശ്യം. വില്വാദ്രിയുടെ മേന്മകളെക്കുറിച്ച് ബോധവത്കരണം നൽകിയാൽ കർഷകർ വളർത്താൻ തയ്യാറാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
നല്ല പ്രതിരോധ ശേഷിയുള്ള വില്വാദ്രിക്ക് ദീർഘായുസുണ്ട്. പരിപാലന - തീറ്റ ചെലവുകൾ കുറവാണ്. പച്ചപ്പുല്ലാണ് പ്രിയം. സ്വതന്ത്രമായി മേയാൻ വിടണം. പ്രായമേറി പ്രസവിച്ചാലും കാത്സ്യക്കുറവ്, ക്ഷീരസന്നി തുടങ്ങിയവ ബാധിക്കില്ല.
വെറ്ററിനറി സർവകലാശാല അഡ്വാൻസ് സ്റ്റഡീസ് ഇൻ ആനിമൽ ജനറ്റിക്‌സ് ആൻഡ് ബ്രീഡ്രിംഗ് കേന്ദ്രത്തിലെ ഡോ.ജി.രാധികയുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് ഇവയുടെ ജനിതക വൈവിദ്ധ്യം തിരിച്ചറിഞ്ഞത്.
ബ്രീഡായാൽ കേന്ദ്രസഹായം
ബ്രീഡ് പദവി ലഭിച്ചാൽ കേന്ദ്രത്തിൽ നിന്ന് സംരക്ഷണ സഹായം ലഭിക്കും. വെച്ചൂർ പശുക്കൾ, മലബാറി, അട്ടപ്പാടി ബ്ലാക്ക് ആടുകൾ, തലശേരി കോഴികൾ തുടങ്ങിയവ ദേശീയ ബ്രീഡ് പട്ടികയിലുണ്ട്.
സവിശേഷതകൾ
ഉയരം: ഒരു മീറ്ററോളം, ശരാശരി ആയുസ് 30 വയസ്
ബലിഷ്ഠമായ ഉപ്പൂറ്റി, പ്രതല വിസ്തീർണം കൂടുതലുള്ള കുളമ്പ്
മൂത്രവും ചാണകവും ആയുർവേദ മരുന്നിന് ഉപയോഗിക്കുന്നു
തിരുവില്വാമലയിൽ പൂജയ്ക്ക് ഇവയുടെ പാലും, നെയ്യും നിർബന്ധം
കേരളത്തിലെ വിവിധ ഇനം പശുക്കളിൽ മൈക്രോ സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ മോളിക്യുലർ ജനിതക പഠനത്തിൽ വെച്ചൂർ, കാസർകോട് കുള്ളൻ എന്നിവ പോലെ വില്വാദ്രിക്കും ജനിതകവൈവിദ്ധ്യമുണ്ടെന്ന് വ്യക്തമായി
ഡോ.ജി.രാധിക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |