തൃശൂർ: വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിനായി ഒരുരൂപ പോലും തരാത്തവരാണ് കേന്ദ്രമെന്നും കണക്കിൽ പ്രശ്‌നമുണ്ടെങ്കിൽ കേന്ദ്രം അത് രേഖാമൂലം അറിയിക്കണമെന്നും മന്ത്രി കെ.രാജൻ. കേരളത്തോട് കേന്ദ്രം ശത്രുതാ മനോഭാവം കാട്ടരുത്. കേരളവും കേന്ദ്രവും ശത്രു രാജ്യങ്ങളല്ല. നേരത്തെ ബംഗാളിലെ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പറഞ്ഞത്, കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളോട് ഗാർഡിയൻ ഏഞ്ചലിനെപ്പോലെ പെരുമാറണമെന്നാണ്. അത്തരത്തിലുള്ള നിലപാട് കേരളത്തോടും കാണിക്കണം.
ആദ്യഘട്ടത്തിൽ കൊടുക്കേണ്ടിയിരുന്നത് നഷ്ടങ്ങളുടെ കണക്കാണ്. അത് കൃത്യമായി കൊടുത്തു. അതിനുശേഷം പി.ഡി.എൻ.എയും (പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസെസ്‌മെന്റ്) കൊടുത്തു. പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ചുനിന്ന് കേരളത്തിനായി പ്രവർത്തിക്കണം.
ഭൂമി തരംമാറ്റുന്ന തുക കാർഷിക അഭിവൃദ്ധി ഫണ്ടായി ഉപയോഗിക്കുന്നത് സംബന്ധിച്ച് കോടതി വിധി മാദ്ധ്യമങ്ങളിൽ കണ്ടിരുന്നു. മറ്റ് കാര്യങ്ങളറിയില്ല. കോടതി വിധി പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. ക്ഷേമപെൻഷൻ അനർഹമായി കൈപ്പറ്റിയവരുടെ വിവരം സർക്കാർ പുറത്തുവിടും. അവർക്കെതിരെ കർശന നടപടിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |