കൊടുങ്ങല്ലൂർ : ഭഗവതി ക്ഷേത്രത്തിന്റെ തെക്കേ നടയിൽ നഗരസഭ അയ്യപ്പഭക്തന്മാർക്കായി നടത്തുന്ന വിശ്രമകേന്ദ്രത്തിൽ അക്രമം. അയ്യപ്പഭക്തന്മാരെയും വിശ്രമകേന്ദ്രത്തിൽ ഭക്ഷണം നൽകുന്ന നഗരസഭ ജീവനക്കാരനെയും സഹായികളെയും ആക്രമിച്ച മേത്തല കല്ലാഴി ഗോപി മകൻ ശ്യാമിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. കർണാടകത്തിൽ നിന്നെത്തിയ അയ്യപ്പന്മാരുടെ നേരെ ചോറും സാമ്പാറും വലിച്ചെറിയുകയും പാത്രങ്ങൾ തകർക്കുകയും ചെയ്തു.
രാത്രി വിശ്രമ കേന്ദ്രത്തിൽ ഭക്ഷണം ചോദിച്ചെത്തുകയും അവിടെയുണ്ടായിരുന്നവരെ മർദ്ദിക്കുകയും പാത്രങ്ങളും മറ്റ് ഉപകരണങ്ങളും എല്ലാം വലിച്ചെറിയുകയുമായിരുന്നു.
സഹായികളായ ഗോപി, മധു എന്നിവരെ മർദ്ദിച്ചു. ശബ്ദം കേട്ട് മറ്റുള്ളവരെത്തിയപ്പോഴേക്കും ഇയാൾ സ്ഥലം വിട്ടു. തുടർന്ന് നഗരസഭ ചെയർപേഴ്‌സൺ ടി.കെ.ഗീതയുടെ പരാതിയെ തുടർന്ന് പൊലീസ് ഇയാളെ പിടികൂടി. നഗരസഭ അയ്യപ്പഭക്തന്മാർക്ക് അന്നദാനത്തിനും വിരി വയ്ക്കാനും ഒരുക്കിയിട്ടുള്ള കേന്ദ്രത്തിൽ അതിക്രമിച്ചു കയറി ഭക്തന്മാരെയും ജീവനക്കാരെയും ആക്രമിച്ച ക്രിമിനലിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ടി.കെ.ഗീത ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |