മോസ്കോ : വളർത്തുപൂച്ചയുടെ നഖം കൊണ്ട് ആഴത്തിൽ മുറിവേറ്റ 55കാരന് ദാരുണാന്ത്യം. നവംബർ 22ന് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിന് കിഴക്ക് കിരിഷ്‌കി ജില്ലയിലായിരുന്നു സംഭവം. ഡിമിട്രി ഉഖിൻ എന്നയാളാണ് മരിച്ചത്. വീട്ടിൽ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ 'സ്റ്റൈപോക്ക" എന്ന പൂച്ചയെ തേടി തെരുവിലിറങ്ങിയതായിരുന്നു ഡിമിട്രി.
സ്റ്റൈപോക്കയെ കണ്ടെത്തിയ ഡിമിട്രി വീട്ടിൽ തിരിച്ചെത്തി. എന്നാൽ ഡിമിട്രിയുടെ കാലിൽ ആഴത്തിൽ മാന്തിയ ശേഷം സ്റ്റൈപോക്ക വീണ്ടും വീട്ടിൽ നിന്ന് ഇറങ്ങിയോടി. സ്റ്റൈപോക്കയെ പിന്തുടരാൻ ഡിമിട്രി ശ്രമിച്ചെങ്കിലും മുറിവിൽ നിന്ന് രക്തം ശക്തമായി പുറത്തുവന്നു. പ്രമേഹം അടക്കമുള്ള രോഗങ്ങൾ അലട്ടുന്ന ഡിമിട്രിക്ക് രക്തം കട്ടപിടിക്കാത്ത അവസ്ഥയുമുണ്ടായിരുന്നു. അമിത രക്തപ്രവാഹം മൂലം ശാരീരിക അസ്വസ്ഥതകൾ നേരിട്ട ഡിമിട്രി ഉടൻ അയൽവാസിയുടെ സഹായം തേടി.
സംഭവ സമയം ഡിമിട്രിയുടെ ഭാര്യ നതാലിയ വീട്ടുലുണ്ടായിരുന്നില്ല. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയപ്പോഴേക്കും ഡിമിട്രി മരിച്ചു. ഡിമിട്രിയുടെ രോഗാവസ്ഥകളെ പറ്റി ധാരണയില്ലാത്തതിനാൽ വൈദ്യസംഘം വൈകിയാണ് എത്തിയത്. ഉപദ്രവകാരിയല്ലാത്ത സ്റ്റൈപോക്ക ഇടയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാറുണ്ടെന്ന് നതാലിയ പറയുന്നു. സ്റ്റൈപോക്ക എവിടെയെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |