മൃഗങ്ങളുടെ തോലുരിച്ച് അവ വസ്‌ത്രങ്ങളായി ഉപയോഗിക്കുന്ന മനുഷ്യന്റെ പതിവ് വർഷങ്ങൾ പഴക്കമുള്ളതാണ്. ചുരുങ്ങിയത് 1,20,000 വർഷങ്ങളായി മനുഷ്യർ ഈ പതിവ് തുടങ്ങിയിട്ട് എന്നാണ് സൂചന. കാട്ടുപോത്തിന്റെ വംശത്തിൽപെട്ട ബൈസൺ, തണുപ്പേറിയ പ്രദേശത്ത് കാണുന്ന മസ്‌ക് ഓക്‌സ്, മാമത്ത്, വൂളി കണ്ടാമൃഗങ്ങൾ ഇങ്ങനെ കട്ടി രോമമുള്ള പല ജീവികളെയും മനുഷ്യൻ വേട്ടയാടി കഴിഞ്ഞിരുന്ന കാലത്ത് വസ്‌ത്രത്തിനായി ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്.
ഉന്നത സ്ഥാനത്തിന്റെ പ്രതീകം
ഇവയെക്കൂടാതെ പുലി, ഹിമപ്പുലി,ചീറ്റ എന്നിങ്ങനെ മൃഗങ്ങളുടെ തോലുകൊണ്ടുള്ള വേഷങ്ങൾ ധരിക്കുന്നത് പണ്ട് സമൂഹത്തിൽ ഉന്നത സ്ഥാനമുണ്ടായിരുന്നതിനെ സൂചിപ്പിച്ചിരുന്നു. ഇങ്ങനെ സഹസ്രാബ്‌ദങ്ങളായി നിലനിൽക്കുന്ന ഈ പതിവ് ലണ്ടൻ ഫാഷൻ വീക്കിലും ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ അതിൽ നിന്ന് മാറിനിൽക്കാനാണ് സംഘാടകരായ ബ്രിട്ടീഷ് ഫാഷൻ കൗൺസിലിന്റെ തീരുമാനം. ഇതോടെ ലണ്ടൻ ഫാഷൻ വീക്ക് 2025ൽ മുതലകൾ, അലിഗേറ്ററുകൾ, പാമ്പുകൾ തുടങ്ങിയവയെ ഉപയോഗിച്ചുള്ള ഫാഷൻ വസ്‌ത്രങ്ങളും മറ്റും ഉണ്ടാകില്ല.
ഇക്കഴിഞ്ഞയാഴ്‌ച പാർലമെന്റിൽ ബ്രിട്ടീഷ് ഫാഷൻ കൗൺസിലിന്റെ പോളിസി ആൻഡ് എൻഗേജ്‌മെന്റ് ഡെപ്യൂട്ടി ഡയറക്‌ടർ ഡേവിഡ് ലീ പെംബർടൺ നടത്തിയ പ്രസംഗത്തിൽ ഇത്തരത്തിൽ പുറമേ നിന്നും ഇറക്കുമതി ചെയ്‌തെത്തിക്കുന്ന മൃഗങ്ങളുടെ തോൽ ഫാഷൻ ഷോയ്‌ക്ക് ഉപയോഗിക്കുന്നത് നിരോധിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. 2018ൽ തീരുമാനിക്കുകയും പിന്നീട് 2023ൽ മൃഗത്തോലുകൾ വസ്‌ത്രങ്ങൾക്കടക്കം ഉപയോഗിക്കുന്നത് നിരോധിച്ച് ഔദ്യോഗിക തീരുമാനമുണ്ടായി.
മൃഗതോൽ ഇറക്കുമതി നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ച ആദ്യ ഷോ
തോൽ-രോമക്കുപ്പായങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ലോകത്തിലെ ആദ്യ ഫാഷൻഷോയാണ് ലണ്ടൻ ഫാഷൻ വീക്ക്. ന്യൂയോർക്ക്, മിലാൻ, പാരിസ് എന്നിവയാണ് ലോകത്തെ മറ്റ് വമ്പൻ ഫാഷൻ ഷോകൾ. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന മൃഗങ്ങളുടെ തോൽ നിരോധിക്കുന്ന ലോകത്തിലെ ആദ്യ ഫാഷൻ ഷോയും ലണ്ടനിലേതാണ്. നടപ്പാക്കിയിട്ടില്ലെങ്കിലും സമാനമായ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഫാഷൻ ഷോകളാണ് മെൽബണിലേതും കോപ്പൻഹേഗനിലേതും.
തോലുകൾക്കൊപ്പം തൂവലുകളും വസ്‌ത്രങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇവയ്‌ക്കും നിരോധനം വരും. ഫാഷൻ ബിസിനസിൽ പാരിസ്ഥിതികവും സുസ്ഥിരവും സാമൂഹികവുമായ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതിനാണ് ഈ നിരോധനമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അഭിനന്ദിച്ച് മൃഗസ്‌നേഹി സംഘടനകൾ
മൃഗങ്ങളെ ഉപയോഗിച്ചുള്ള ഫാഷൻ വസ്‌തുക്കളുടെ ഉപയോഗം അവസാനിപ്പിക്കണം എന്ന് ദീർഘകാലമായി മൃഗസംരക്ഷണ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. പെറ്റ പോലെയുള്ള സംഘടനകൾ ഇക്കാര്യം ശക്തമായി ആവശ്യപ്പെടുകയും ഫാഷൻ ഷോകൾ തടസപ്പെടുത്തുകയും മൃഗങ്ങളിൽ നിന്നുള്ള തൊലി, തുകൽ, രോമം എന്നിവ ഉപയോഗിക്കരുതെന്ന് ഡിസൈനർമാരോട് നേരിട്ട് അവർ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.
ബ്രിട്ടീഷ് ഫാഷൻ കൗൺസിലിന്റെ തീരുമാനത്തെ പെറ്റ ഭാരവാഹികൾ അഭിനന്ദിച്ചു.മൃഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഫാഷൻ വ്യവസായത്തിൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ ഈ നിലപാട് സഹായിക്കും എന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |