സന്തോഷത്തിലും ദുഃഖത്തിലുമൊക്കെ കൂടെ വേണ്ടയാളാണ് പങ്കാളി. ജീവിതകാലം മുഴുവൻ കൂടെ നിൽക്കേണ്ടയാൾ. അതുകൊണ്ടുതന്നെയാണ് നമ്മുടെ ലോകത്ത് വിവാഹം എന്ന ചടങ്ങിന് അത്രമാത്രം പ്രാധാന്യം കൽപിക്കുന്നത്. പണ്ടുകാലത്ത് ചിലയിടങ്ങളിൽ വിവാഹ ദിവസമായിരുന്നു സ്ത്രീകൾ ഭർത്താക്കന്മാരെ നേരിട്ടുകണ്ടിരുന്നത്. ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ കൂടെ ജീവിതം ആരംഭിക്കുന്നു.
എന്നാൽ കാലം മാറിയതോടെ വിവാഹ സങ്കൽപങ്ങൾക്കും ഏറെ മാറ്റം വന്നിട്ടുണ്ട്. തങ്ങൾക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ കൂടുതലാളുകളും ഇന്ന് മാട്രിമോണിയൽ സൈറ്റുകളെയാണ് ആശ്രയിക്കുന്നത്. ചെറുക്കനെ അല്ലെങ്കിൽ പെണ്ണിനെ നേരിട്ട് കണ്ട്, ഡേറ്റിംഗിന് പോയി, തനിക്ക് പറ്റിയ ആളാണെന്ന് തോന്നിയാൽ മാത്രം വിവാഹത്തിലേക്ക് കടക്കുന്നവരുമുണ്ട്. കുട്ടികളുണ്ടായതിന് ശേഷം വിവാഹിതരായവരുമേറെയാണ്. ചൈനയിൽ 'ഫ്ളാഷ് വെഡ്ഡിംഗുകളാണ്' ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. എന്താണ് ഈ 'ഫ്ളാഷ് വെഡ്ഡിംഗ്' എന്നല്ലേ?
എന്താണ് ഫ്ളാഷ് വെഡ്ഡിംഗ്?
ചുരുക്കത്തിൽ പറഞ്ഞാൽ അവിവാഹിതരായ പുരുഷന്മാരെ കബളിപ്പിച്ച് പണം തട്ടുന്നതാണ് ഫ്ളാഷ് വെഡ്ഡിഗ്. വളരെ ചുരുങ്ങിയ കാലം മാത്രം പരിചയമുള്ള രണ്ടുപേർ തമ്മിൽ വിവാഹം കഴിക്കുന്നു. ചിലപ്പോൾ ഇരുവരും തമ്മിൽ ഒരു മാസത്തെ പരിചയം പോലും കാണില്ല.
വളരെ ചുരുങ്ങിയ കാലം മാത്രമേ ഈ ബന്ധം നീണ്ടുനിൽക്കുകയുള്ളൂ. കുറച്ചുനാളുകൾക്കുള്ളിൽ ഒന്നുകിൽ വധു അപ്രത്യക്ഷമാകും, അല്ലെങ്കിൽ തന്ത്രപൂർവം ഇടയ്ക്കിടെ കലഹങ്ങൾ ഉണ്ടാക്കി പുരുഷന്മാരെ വിവാഹമോചനത്തിലേക്ക് പ്രേരിപ്പിക്കും. ഇതിലൂടെ ലക്ഷങ്ങളാണ് തട്ടിയെടുക്കുന്നത്. ചില 'മാച്ച് മേക്കിംഗ്' കമ്പനികളാണ് ഇതിന് പിന്നിൽ.
2023 മാർച്ചിന് ശേഷം ചൈനയിലെ ഒരു ലോക്കൽ പൊലീസ് സ്റ്റേഷനിൽ സമാനമായ 180 പരാതികളാണ് ലഭിച്ചത്. വിഷയം കോടതിയിലുമെത്തി. ഒരു 'മാച്ച് മേക്കിംഗ്' കമ്പനിയിലെ ജീവനക്കാർ പങ്കാളികളെ തേടുന്ന പുരുഷന്മാരെ നിരീക്ഷിച്ചിരുന്നതായി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് ജീവനക്കാർ പുരുഷന്മാരെ തേടിയെത്തി. ശേഷം തങ്ങളുടെ തന്നെ കമ്പനിയിലെ ജീവനക്കാരികളെ 'ക്ലൈന്റാണ്' എന്നും പറഞ്ഞ് പരിചയപ്പെടുത്തി. പുരുഷന്മാർ വിവാഹത്തിന് സമ്മതിച്ചാൽ കോൺട്രാക്‌ടിൽ ഒപ്പിടാൻ പറയും. കൂടാതെ വധുവിന് ലക്ഷക്കണക്കിന് രൂപ നൽകാനും പറയും.
മൂന്ന് മാസത്തിനിടെ 35 ലക്ഷം രൂപ
ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ ഒരു സ്ത്രീ മൂന്ന് മാസത്തിനിടെ മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ് സമ്പാദിച്ചത്.
2023 ഡിസംബറിലാണ് യുവതി വിവാഹിതയായത്. ഗാർഹിക പീഡനം ആരോപിച്ച് ഉടൻ തന്നെ വിവാഹമോചനത്തിന് അപേക്ഷ നൽകി. എന്നാൽ ഭർത്താവ് നൽകിയ പതിനൊന്ന് ലക്ഷത്തിലധികം രൂപ യുവതി തിരികെ നൽകിയില്ല. കൂടാതെ അയാൾ അവൾക്കായി വാങ്ങിയ ഒരു കാർ ഉൾപ്പെടെയുള്ളവയും തട്ടിയെടുത്തു. വിവാഹമോചന കാര്യം മറച്ചുവച്ച കമ്പനി, അവളെ വീണ്ടും പുരുഷന്മാർക്ക് പരിചയപ്പെടുത്തി. അവൾ പലരുമായും ഡേറ്റിംഗിന് പോകാൻ തുടങ്ങി. അങ്ങനെ മൂന്ന് മാസത്തിനിടെ പലരിൽ നിന്നായി 35 ലക്ഷം രൂപ പോക്കറ്റിലാക്കി.
മേയ് മാസത്തിൽ ലിയാവോ എന്നയാൾ സെൻട്രൽ ഹുബെയ് പ്രവിശ്യയിലെ തന്റെ ജന്മനാട്ടിൽ നിന്ന് ഗുയാങ്ങിലേക്ക് ഏജൻസി പരിചയപ്പെടുത്തിയ ഒരു സ്ത്രീയെ കാണാൻ പോയി. രണ്ട് ദിവസത്തിന് ശേഷം വിവാഹത്തിന് രജിസ്റ്റർ ചെയ്യുകയും അവളുടെ കുടുംബത്തിന് പതിമൂന്ന് ലക്ഷം രൂപ സമ്മാനമായി നൽകുകയും ചെയ്തു.
രണ്ട് മാസത്തിനിപ്പുറം ഭാര്യ യുവാവുമായി പിണങ്ങിപ്പോയി. ഒരു വീടും കാറും വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു വഴക്ക്. ഈ സ്ത്രീ മുമ്പ് അഞ്ച് കുട്ടികൾക്ക് ജന്മം നൽകിയതായി ലിയോ കണ്ടെത്തി. തുടർന്ന് യുവതിയെ പരിചയപ്പെടുത്തിയ ഏജൻസിയുമായി ബന്ധപ്പെട്ടു. എന്നാൽ അപ്പോഴേക്ക് പൊലീസ് അന്വേഷണത്തെ തുടർന്ന് ഏജൻസി അടച്ചുപൂട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |