വടക്കാഞ്ചേരി : കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ച വടക്കാഞ്ചേരി പാർളിക്കാട് പുത്തൻപുരയ്ക്കൽ അരവിന്ദാക്ഷന് (61) 14 മാസത്തിന് ശേഷം ഹൈക്കോടതി ജാമ്യം. പി.എം.എൽ.എ കോടതിയുടെ പരിധി വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളിന്മേലാണ് ജാമ്യം. രണ്ട് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്നും കൃത്യമായി അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണമെന്നും വ്യവസ്ഥയിൽ പറയുന്നു.
ഡ്രൈവറിൽ നിന്ന് പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ വരെ
2023 സെപ്തംബർ 26 നാണ് പാർളിക്കാട്ടെ വസതിയിൽ നിന്ന് അരവിന്ദാക്ഷനെ കൊച്ചിയിൽ നിന്നെത്തിയ ഇ.ഡി സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജൂൺ 18ന് പത്ത് ദിവസത്തെ ജാമ്യം അനുവദിച്ചു. 95ൽ വടക്കാഞ്ചേരിയിലെ ലോറി ഡ്രൈവറായിരുന്ന അരവിന്ദാക്ഷൻ, പിന്നീട് ടാക്‌സി ഡ്രൈവറായി. മുണ്ടത്തിക്കോട് പഞ്ചായത്തായിരിക്കുമ്പോൾ കാർ ചിഹ്നത്തിൽ സി.പി.എം സ്വതന്ത്രനായി പാർളിക്കാട് നിന്ന് മത്സരിച്ച് 13 വോട്ടുകൾക്ക് മുതിർന്ന കോൺഗ്രസ് നേതാവിനെ അട്ടിമറിച്ചു. പിന്നീട് സി.പി.എം സ്ഥാനാർത്ഥിയായി വിജയിച്ച് മുണ്ടത്തിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. വടക്കാഞ്ചേരി നഗരസഭയായപ്പോൾ കരുതക്കാട് ഡിവിഷനിൽ നിന്ന് കൗൺസിലറായി. പത്താംകല്ല് ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് നഗരസഭയുടെ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷനായി. നിലവിൽ ലോക്കൽ കമ്മിറ്റി അംഗം. വിവാദ ദല്ലാൾ പി.സതീഷിന്റെ ഡ്രൈവറായി പ്രവർത്തിച്ചിരുന്നു. എന്നാൽ സാമ്പത്തിക ഇടപാടുകളില്ലെന്നാണ് അരവിന്ദാക്ഷൻ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |