തൃശൂർ: ആഢംബര ബസിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ കണ്ടെത്തിയ കേസിലെ മുഖ്യപ്രതിയെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി അമ്പലത്തു വീട്ടിൽ സുബ്ബൻ എന്നറിയപ്പെടുന്ന സുധീർ സിയാദാണ് (25) പിടിയിലായത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്നു സംഘത്തിലെ പ്രധാനിയാണ് പ്രതി. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എം.ഡി.എം.എ കടത്തുന്ന വലിയ സംഘത്തിലെ മുഖ്യകണ്ണിയായ സിയാദിനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്.
തൃശൂർ - പാലക്കാട് ദേശീയപാതയിൽ മുടിക്കോട് വച്ച് കഴിഞ്ഞ സെപ്റ്റംബർ 22നാണ് ലക്ഷങ്ങൾ വിലവരുന്ന രാസലഹരിയുമായി ആലപ്പുഴ സ്വദേശി അജീബ് അറസ്റ്റിലായത്. ഡാൻസാഫ് ടീമിന്റെ രഹസ്യാന്വേഷണങ്ങളാണ് പ്രതിയെ പിടികൂടുന്നതിന് സഹായകമായത്. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയുടെ നിർദ്ദേശ പ്രകാരം അസിസ്റ്റന്റ് കമ്മിഷണർ സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പീച്ചി എസ്.എച്ച്.ഒ സി.അജിത് കുമാർ, പീച്ചി സബ് ഇൻസ്‌പെക്ടർ വി.എൻ.മുരളി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജീവൻ, സിവിൽ പൊലീസ് ഓഫീസർ വിപിൻ ദാസ്, ടി.ജി.കിഷാൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |