ചോറ്റാനിക്കര: നെട്ടൂർ തെക്കേവീട്ടിൽ പറമ്പിൽ ഷാഹിൻബീവി എന്ന ഷാനിയുടെ (45) മരണത്തിൽ കൂടെ താമസിച്ചിരുന്ന ഉദയംപേരൂർ അംബികനിവാസിൽ രാധാകൃഷ്ണമേനോന്റെ മകൻ ആർ.വി. വിജിൽകുമാറിനെ (48) അറസ്റ്റുചെയ്തു. കുരീക്കാട് റെയിൽവേ ക്രോസിന് സമീപമാണ് ഷാഹിൻബീവിയെ കഴിഞ്ഞദിവസം കനാലിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവദിവസം വൈകിട്ട് മദ്യലഹരിയിലായിരുന്ന വിജിൽകുമാർ യുവതിയെ സുഹൃത്തിന്റെ വീട്ടിലാക്കാമെന്ന് പറഞ്ഞ് മോട്ടോർബൈക്കിൽ കയറ്റിക്കൊണ്ടുപോയി. ഇതിനിടയിൽ ബൈക്ക് മറിഞ്ഞ് യുവാവും യുവതിയും വെള്ളമില്ലാത്ത കനാലിലേക്ക് വീണു. യുവാവിന് രാവിലെ ബോധം വന്നപ്പോഴാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവാവിനെതിരെ അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ചോറ്റാനിക്കര ഇൻസ്പെക്ടർ മനോജ് കെ.എൻ, പ്രിൻസിപ്പൽ എസ്.ഐ റോയി എം.വി, എസ്.ഐമാരായ അനിൽകുമാർ, ഷാജി, എ.എസ്.ഐ രാജലക്ഷ്മി, സിന്ധു കെ.വി, സി പി.ഒ അഭിജിത് പി. പി എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ ഉദയംപേരൂർ സ്റ്റേഷനിൽ 2 ക്രിമിനൽകേസ് നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |