ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് കേന്ദ്രത്തിൽ അധികാരത്തിൽ എത്തുന്നതിൽ നിന്ന് ബി.ജെ.പിക്ക് തടയിടാൻ കഴിയാതിരുന്നതും, തുടർന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ക്ളച്ച് പിടിക്കാത്തതും 'ഇന്ത്യ" മുന്നണിയിൽ അതൃപ്‌തി വർദ്ധിപ്പിക്കുന്നു. മുന്നണിയിലെ പ്രധാന പാർട്ടിയായ കോൺഗ്രസിന്റെ 'വല്ല്യേട്ടൻ" മനോഭാവത്തിലെ അതൃപ്‌തി തൃണമൂൽ കോൺഗ്രസ്, സി.പി.ഐ, ആംആദ്‌മി പാർട്ടികൾ പരസ്യമാക്കിയിട്ടുണ്ട്.
ഹരിയാന, മഹാരാഷ്‌ട്ര, ജാർഖണ്ഡ്, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സീറ്റ് പങ്കിടാൻ കോൺഗ്രസ് തയ്യാറാകാത്തത് മുന്നണിയുടെ ഉദ്യേശ്യ ശുദ്ധിയെ തുരങ്കം വയ്‌ക്കുന്നതാണെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. മുന്നണിക്കുള്ളിൽ അർഹമായ ബഹുമാനവും പ്രാതിനിധ്യവും ലഭിക്കുന്നില്ലെന്ന് ദേശീയ കൗൺസിൽ പ്രമേയം പാസാക്കി. ബി.ജെ.പി-ആർ.എസ്.എസ് വിരുദ്ധ നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും തിരഞ്ഞെടുപ്പുകളിൽ വലിയ പാർട്ടികൾക്ക് മാത്രമാണ് സീറ്റുകൾ ലഭിക്കുന്നത്. സി.പി.ഐയും ഇടതുപാർട്ടികളെയും ഒതുക്കി. ജയമുറപ്പായിരുന്ന ഹരിയാനയിലടക്കം ഇത് തിരിച്ചടിയായെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ ചൂണ്ടിക്കാട്ടി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തു തന്നെ കോൺഗ്രസുമായി അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്ന തൃണമൂലും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ചർച്ചകളിൽ മറ്റ് 'ഇന്ത്യ" മുന്നണി പാർട്ടികളെ അവഗണിച്ചതിനെ കുറ്റപ്പെടുത്തിയിരുന്നു.
സ്‌തംഭിപ്പിക്കരുതെന്ന് തൃണമൂൽ
പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരായ നീക്കങ്ങളിലും ഈ ഭിന്നത മറനീക്കി അദാനി അഴിമതി വിഷയത്തിന് അമിത പ്രാധാന്യം നൽകി പാർലമെന്റ് സ്‌തംഭിപ്പിക്കരുതെന്ന് കോൺഗ്രസിനോട് തൃണമൂൽ തുറന്നു പറഞ്ഞു. ചുഴലിക്കാറ്റിന്റെ ആഘാതം, സംഭാൽ അക്രമം, ബംഗ്ലാദേശിലെ ഹിന്ദു നേതാക്കൾക്കെതിരായ അക്രമം, നെല്ല് സംഭരണത്തിലെ കാലതാമസം തുടങ്ങിയ അടിയന്തര വിഷയങ്ങളിലാണ് ചർച്ച വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ തൃണമൂൽ, കോൺഗ്രസ് അദ്ധ്യക്ഷൻ വിളിച്ച യോഗം ബഹിഷ്‌കരിച്ചു. ഇതിനു പുറമെയാണ് ലോക്‌സഭയിൽ കോൺഗ്രസിനൊപ്പം ഇരിക്കാനാകില്ലെന്ന നിലപാട്. പ്രതിപക്ഷത്ത് തൃണമൂലിന് പ്രത്യേക ഇരിപ്പിടം അനുവദിച്ചിട്ടുണ്ട്. ഡൽഹി ഭരിക്കുന്ന ആംആദ്‌മി പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതും മുന്നണിയിലെ കാര്യങ്ങൾ പന്തിയല്ലെന്ന് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആംആദ്‌മി പാർട്ടിയും സീറ്റുകൾ പങ്കിട്ടെങ്കിലും ജയിക്കാനായില്ല. അധികാരത്തിൽ തിരിച്ചെത്താൻ നിയമസഭയിൽ ഒറ്റയ്‌ക്ക് മത്സരിക്കുന്നതാണ് നല്ലതെന്ന ചിന്തയാണ് ആംആദ്‌മി പാർട്ടിക്ക്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടിക്ക് സീറ്റു നൽകാൻ കോൺഗ്രസും തയ്യാറായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |