രണ്ടുപതിറ്റാണ്ടായി അഭിനയരംഗത്തുനിറഞ്ഞുനിൽക്കുന്ന ബോളിവുഡ് താരം വിക്രാന്ത് മാസി 37 -ാം വയസിൽ വെള്ളിത്തിരയോട് വിടപറയും. അടുത്തവർഷം രണ്ട് സിനിമകളിൽ കൂടി അഭിനയിച്ചതിനുശേഷം വിട പറയാനാണ് വിക്രാന്ത് മാസിയുടെ തീരുമാനം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ആരാധകരെ ഞെട്ടിച്ച തീരുമാനം താരം കൈക്കൊണ്ടത്. ഹലോ, കഴിഞ്ഞ കുറച്ചുവർഷങ്ങൾ അതിശയകരമായിരുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് ഞാൻ ഒാരോരുത്തർക്കും നന്ദി പറയുന്നു. എന്നാൽ ഞാൻ മുന്നോട്ട് നോക്കുമ്പോൾ, വീണ്ടും കാലിബ്രേറ്റ് ചെയ്ത് വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസിലാക്കുന്നു. ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലകളിലെല്ലാം കൂടാതെ ഒരു നടൻ എന്ന നിലയിലും. അതിനാൽ നമ്മൾ പരസ്പരം അവസാനമായി കാണും. കഴിഞ്ഞ രണ്ട് സിനിമകളും ഒരുപാട് വർഷത്തെ ഒാർമ്മകളും, വീണ്ടും നന്ദി.
എന്നേക്കും കടപ്പെട്ടിരിക്കുന്നു. സമൂഹമാധ്യമത്തിൽ വിക്രാന്ത് മാസി കുറിച്ചു.
ടെലിവിഷൻ പരമ്പരയിലൂടെയാണ് വിക്രാന്ത് മാസി അഭിനയ രംഗത്ത് എത്തിയത്. ബാലിക വധു, ധരം വീർ എന്നീ പരമ്പരകൾ ഏറെ ശ്രദ്ധ നേടി. രൺവീർ സിംഗ് നായകനായ ലൂട്ടേരായിരുന്നു ആദ്യ സിനിമ. ചാപക്, മിർസാപൂർ, ഹസീൻ ദിൽറുബ, ലൗവ് എന്നിവയും 2002 ലെ ഗോധ്‌ര ട്രെയിൻ അപകടത്തെ ആസ്പദമാക്കി ഒരുക്കിയ സബർമതി റിപ്പോർട്ടും വിക്രാന്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.
ട്വെൽത്ത് ഫെയിൽ , സെക്ടർ 36 എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. യാർജിഗ്രി, ആൻ ഖോൺ കി ഗുസ്താഖിയാൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |